- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെമ്മറി കാർഡ് കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറും; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലേക്ക്
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വീണ്ടും ഇടപെട്ടു ഹൈക്കോടതി. നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ് ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദ്ദേശം നൽകണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. ജനുവരി തുടക്കത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയത്.
റിപ്പോർട്ട് രഹസ്യരേഖയായി സൂക്ഷിക്കണമെന്നു കേസിലെ എട്ടാം പ്രതി കൂടിയായ നടൻ ദിലീപ് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു നൽകരുതെന്നും ആവശ്യപ്പെട്ടു. പകർപ്പ് അതിജീവിതയ്ക്കു നൽകുന്ന സാഹചര്യമുണ്ടായാൽ, തനിക്കു കൂടി പകർപ്പ് ലഭ്യമാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളെല്ലാം ജസ്റ്റിസ് കെ.ബാബു തള്ളി. ഇതോടെ, ആരാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് അതിജീവിതയ്ക്ക് മനസ്സിലാക്കാനാകും. ഇതിന്റെ പകർപ്പിനായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കാണ് അതിജീവിത അപേക്ഷ നൽകേണ്ടത്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകർത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപിച്ച് അതിജീവിത നേരത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ജില്ലാ സെഷൻസ് ജഡ്ജിയെ നിയോഗിക്കുകയായിരുന്നു.
തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടത്തിയിരുന്നു. അതുപോലെ, കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാർഡ് പരിശോധനകൾ നടന്നിരിക്കുന്നത് എന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്എസ്എൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു. പിന്നാലെ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയിരുന്നു.
ഇതിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും റിപ്പോർട്ടിനു രഹസ്യസ്വഭാവുണ്ടെന്നും അതിനാൽ നൽകാനാവില്ല എന്നുമായിരുന്നു കോടതി നിലപാട്. തുടർന്നാണ് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ