ന്യൂഡൽഹി: ഓഹരി പെരുപ്പിച്ചെന്ന ഹിൻഡൻബർഗ് ആരോപണങ്ങളിൽ വ്യവസായി അദാനിക്ക് ആശ്വാസം. ഗൗതം അദാനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന് സുപ്രീംകോടതി. അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളി. അദാനിക്കെതിരായ സെബി അന്വേഷണം തുടരും. സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുമെന്നാണ് കോടതി അറിയിച്ചത്. നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും വ്യക്തമാക്കി.

സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഓഹരി വിപണിയിലെ സുതാര്യതക്ക് വേണ്ടിയുള്ള നിർദേശങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടതി വിധിയിൽ പറയുന്നു. വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അനാമിക ജയ്‌സ്വാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12,000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വർഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം, ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ, കോർപറേറ്റ് രംഗത്തു ദുർഭരണം, ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി തുടങ്ങിയവയായിരുന്നു ഹിൻഡൻബർഗ് ഉയർത്തിയ പ്രധാന ആരോപണങ്ങൾ.

കേസിൽ അന്തിമവാദം കേൾക്കുന്നതിനിടെ അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷണം നടത്തിയിരുന്നു. കേസിലെ കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിർണായകമാണ്. ഹർജികളുടെ അടിസ്ഥാനത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. സെബിയുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജിയും സുപ്രീംകോടതിക്ക് മുന്നിൽ എത്തിയിരുന്നു.