- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശുദിനത്തിൽ ചരിത്ര വിധി; ആലുവയിൽ ബിഹാർ സ്വദേശിനിയായ ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിൽ നരാധമന് വധശിക്ഷ; അഫ്സാക് ആലത്തിന് പരമാവധി ശിക്ഷ നൽകുന്നത് കുറ്റകൃത്യത്തിന്റെ ക്രൂരത തിരിച്ചറിഞ്ഞ്; നീതിന്യായ വ്യവസ്ഥയ്ക്ക് മാതൃകയായി പോക്സോ കേസിൽ അന്തിമ വിധി
ആലുവ: ആലുവയിൽ ബിഹാർ സ്വദേശിനിയായ ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ. നേരത്തെ കോടതി പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷയിൽ വാദവും കേട്ടു. അതിന് ശേഷമാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ നിർണ്ണായക വിധി പുറപ്പെടുവിക്കുന്നത്. കുറ്റകൃത്യം നടന്ന് നൂറു ദിവസം തികയുന്നതിന് മുൻപ് അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച്, വിചാരണ പൂർത്തിയാക്കി കുറ്റവാളിയെന്ന വിധി പ്രഖ്യാപിക്കുന്ന കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. പിന്നാലെ ശിക്ഷാ വിധി വന്നത് ശിശു ദിനത്തിലും.
അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും ആണ് ജഡ്ജി കെ സോമൻ വിധിച്ചത്. വിചാരണ പൂർത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ പ്രതിക്കു ശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം തടവ്, കുട്ടിക്ക് ലഹരിപദാർഥം നൽകിയതിന് മൂന്നു വർഷം തടവ്, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ.
അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. അങ്ങനെ പൊലീസ് ചുമത്തിയ 16 കുറ്റങ്ങളിലും ആലം കുറ്റക്കാരനാണെന്നായിരുന്നു വിധി. ഇതിൽ ചില വകുപ്പുകൾ ഇരട്ടിപ്പായിരുന്നു. അതുകൊണ്ട്് മൂന്നെണ്ണം ഒഴിവാക്കിയത്. അങ്ങനെ 13 കുറ്റങ്ങൾ കോടതി പരിഗണിച്ചാണ് വധശിക്ഷ പ്രഖ്യാപിച്ചത്. ജയിലിൽ നിന്നുള്ള റിപ്പോർട്ടും വാങ്ങി. മാനസാന്തരത്തിനുള്ള സാധ്യതയും ഇല്ലെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വധ ശിക്ഷ നൽകുന്നത്. കേരളീയ പൊതുസമൂഹാമാകെ വധ ശിക്ഷ പ്രതിക്ക് കൊടുക്കണമെന്ന വാദം ഉയർത്തിയിരുന്നു. അതും വിധിയിലൂടെ അംഗീകരിക്കപ്പെടുന്നു.
ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവ ചൂർണിക്കരയിലെ വീട്ടിൽ നിന്ന് അഞ്ചുവയസ്സുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പിൽ താഴ്‌ത്തി. കല്ല് കൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് അമർത്തിയത്. താടിയെല്ല് തകർന്ന് മുഖം വികൃതമായി. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ ദിവസം രാത്രി തന്നെ അസ്ഫാക്കിനെ പൊലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ മറവ് ചെയ്ത സ്ഥലം പ്രതി ചൂണ്ടിക്കാട്ടിയത്.
കൃത്യം നടന്ന് 35-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. രണ്ട് മാസത്തിനു ശേഷം ഒക്ടോബർ നാലിന് വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി. 30-ാം ദിവസമാണ് വിധി പ്രസ്താവിക്കുന്നത്. 16 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 99 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷന്റെ വിചാരണ നടപടികൾ ഒൻപത് ദിവസം നീണ്ടുനിന്നു. കുട്ടിയുടെ വസ്ത്രങ്ങൾ, ചെരിപ്പ്, ഡി.എൻ.എ. സാംപിളുകൾ, സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയിൽ ഹാജരാക്കി. സാക്ഷികളാരും മൊഴി മാറ്റിയില്ല.
പ്രതി മറുനാട്ടുകാരനായതിനാൽ പരിഭാഷയ്ക്ക് ആളുണ്ടായിരുന്നു. റൂറൽ എസ്‌പി. വിവേക് കുമാർ, ഡിവൈ.എസ്‌പി. പി. പ്രസാദ്, സിഐ. എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ജി. മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്. ഒക്ടോബർ 4നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കുട്ടിയെ പ്രതി അസ്ഫാക് ആലം പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം സ്ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് പിടികൂടിയിരുന്നു. രാവിലെ മാധ്യമ വാർത്തകളും സോഷ്യൽ മീഡിയയിൽ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയിൽ പെട്ട ആലുവ മാർക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ വൈകിട്ട് മൂന്നരയോടെ മാർക്കറ്റിൽ കണ്ടതായി പൊലീസിനെ അറിയിച്ചത്.
രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തുടർന്നാണ് 12 മണിയോടെ മാർക്കറ്റിനു പുറകിൽ മാലിന്യം നിക്ഷേപിക്കുന്ന പെരിയാർ തീരത്ത് മൃതദേഹം കണ്ടത്. ചാക്കിൽ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ചനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ