കൊച്ചി: മിക്കസമയത്തും ലഹരിയിൽ ജീവിക്കുന്ന ഒരു കൊടുംക്രിമിനലാണ് അഫ്‌സാക് ആലം. ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നൽകാൻ കോടതിയെ പ്രേരിപ്പിച്ചതും ഇതാണ്. കേരളത്തിൽ എത്തുന്നതിന് മുൻപ് ഡൽഹിയിൽ ജോലിചെയ്തിരുന്ന അസ്ഫാക്കിനെതിരേ ഡൽഹി ഖാസിപുർ പൊലീസിൽ പോക്‌സോ കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ കേരളത്തിൽ എത്തിയത്.

ആ പെൺകുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയർ. ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ വധശിക്ഷ വിധിച്ചത്. കേസ്അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങൾ ആവർത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളിൽ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിഹാർ സ്വദേശിയായ അസ്ഫാക് ആലത്തെ നേരത്തെ വീട്ടിൽനിന്ന് പുറത്താക്കിയതാണ്. സ്ഥിരംമദ്യപാനിയായിരുന്ന ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് വീട്ടിൽ നിന്നും പുറത്താക്കിയത്. നാട്ടിലായിരുന്നപ്പോൾ നേപ്പാളിൽനിന്ന് മദ്യം കടത്തിക്കൊണ്ടുവന്നാണ് അസ്ഫാക് കുടിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാൽ അക്രമസ്വഭാവം കാണിക്കും. ഇതോടെ ഗ്രാമസഭ കൂടിയാണ് വീട്ടിൽനിന്ന് പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചത്. അത്രയും കുപ്രസിദ്ധനാണ് നാട്ടിലും അഫ്‌സാക് ആലം.

2018-ലാണ് അസ്ഫാക് ആലം ഡൽഹിയിലെ പോക്‌സോ കേസിൽ അറസ്റ്റിലായത്. ഖാസിപൂരിലെ മത്സ്യമാർക്കറ്റിനോട് ചേർന്ന് തെർമോക്കോൾ ബോക്‌സ് നിർമ്മിക്കുന്ന കമ്പനിയിലായിരുന്നു അന്ന് ജോലി. ഇതിനിടെയാണ് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിടിയാലയത്. രക്ഷപ്പെടാനായി പത്തുവയസ്സുകാരി ആദ്യം കുളിമുറിയിൽ കയറി ഒളിച്ചിരുന്നു. എന്നാൽ, പിന്തുടർന്നെത്തിയ അസ്ഫാക് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ പ്രതിയുടെ കൈത്തണ്ടയിൽ കടിച്ചാണ് പെൺകുട്ടി രക്ഷപ്പെട്ടത്.

കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികൾ എത്തിയത് . വൈകാതെ പോക്‌സോ കേസിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ കേസിൽ ഒരുമാസത്തോളമാണ് അസ്ഫാക് ആലം റിമാൻഡിൽ കഴിഞ്ഞത്. തുടർന്ന് ജാമ്യത്തിലിറങ്ങി ഒരുവർഷത്തോളം ഡൽഹിയിൽ ജോലിതുടർന്നു. ഇതിനുശേഷം ബിഹാറിലേക്ക് മടങ്ങിയ അസ്ഫാക്, പിന്നാലെ കേരളത്തിലേക്ക് എത്തി. ഇവിടേയും പിഞ്ചു കുഞ്ഞിനോട് ക്രൂരത കാട്ടി. ഈ ക്രൂരതയ്ക്ക് അർഹിക്കുന്ന ശിക്ഷ നൽകുകയാണ് കേരളത്തിലെ കോടതി.

ജൂലായ് 28-ന് മൂന്നിനാണ് ആലുവ ചൂർണിക്കരയിലെ വീട്ടിൽനിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പിൽ താഴ്‌ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്‌ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രി തന്നെ അസ്ഫാക്കിനെ പൊലീസ് പിടികൂടിയിരുന്നു.

വധശിക്ഷ പോലും പ്രതിക്കുള്ള കുറഞ്ഞശിക്ഷയാണെന്നായിരുന്നു വിധിപ്രസ്താവത്തിന് മുൻപ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം. കുറ്റവാളിയായ അസ്ഫാക് ആലത്തിന് ഇനി ജീവിക്കാൻ അവകാശമില്ലെന്ന് അഞ്ചുവയസ്സുകാരിയുടെ അച്ഛനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചിരുന്നു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നൽകിയത്.