കൊച്ചി: നെൽസൺ മണ്ടേല കുട്ടികളെ നമ്മുടെ ഏറ്റവും വലിയ നിധിയായും നമ്മുടെ ഭാവിയായും കണക്കാക്കി.. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര സമര പോരാളിയൂടെ ഈ സ്വപ്‌നമാണ് ആലുവയിലെ വിധിയിൽ ജഡ്ജി കെ സോമൻ നിറയ്ക്കുന്നത്. അഫ്‌സാക് ആലത്തിന്റെ വധ ശിക്ഷയിൽ നെൽസൺ മണ്ടേലയുടെ വാക്കുകളും ഉണ്ട്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് വിശദീകരിച്ചാണ് വധശിക്ഷ നൽകുന്നത്.

പ്രതിയെ ജീവിക്കാൻ അനുവദിച്ചാൽ ഇനി ജനിക്കാൻ ഇരിക്കാൻ പെൺകുട്ടികൾക്കും ഭീഷണിയാണ്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല. പരമാവധി ശിക്ഷ കൊടുത്തില്ലെങ്കിൽ കോടതി ഉത്തരവാദിത്തം നിർവ്വഹിച്ചില്ലെന്ന തോന്നലുണ്ടാകും. കുട്ടികൾക്ക് വീടു വളപ്പിൽ കളിക്കാൻ പോലും കഴിയാത്ത ഭയപ്പാട് ഉണ്ടാക്കിയതാണ് ഈ കേസെന്ന തരത്തിലെ നിരീക്ഷണവും ജഡ്ജി കെ സോമൻ നടത്തി. കുട്ടികളെ എങ്ങനെ സമൂഹം പരിഗണിക്കുന്നതു എന്നത് അനുസരിച്ചാണ് ആ സമൂഹം വിലയിരുത്തപ്പെടുന്നത് എന്ന നെൽസൺ മണ്ടേലയുടെ അഭിപ്രായവും വിധി ന്യായത്തിന്റെ ഭാഗമാണ്.

ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും വിധിക്കുന്നത് ക്രൂരതയുടെ ആളവുകോലിലാണ്. വിചാരണ പൂർത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ പ്രതിക്കു ശിക്ഷ വിധിച്ചത്. 13 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വർഷം തടവും ഏഴു ലക്ഷം രൂപ പിഴയും. പോക്‌സോ കേസിൽ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പിഴ ഈടാക്കുന്ന പക്ഷം അതിൽ നിന്നോ അല്ലെങ്കിൽ ലീഗൽ സർവീസ് അതോരിറ്റിയോ കുട്ടിയുടെ രക്ഷിതാക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ടെന്നും വിധിയിൽ നൂറുശതമാനം സംതൃപ്തിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻ രാജ് പറഞ്ഞു.

പോക്‌സോയിലെ മൂന്നു വകുപ്പുകൾക്ക് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ജെ ) (ഷ) വകുപ്പിലും (സമ്മതം കൊടുക്കാൻ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക) ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 (പ്രകൃതിവിരുദ്ധപീഡനവും ക്രൂരതയും) വകുപ്പിലുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

പ്രതിക്കെതിരെ തെളിഞ്ഞ വകുപ്പുകളും കോടതി വിധിച്ച ശിക്ഷയും

ബാലാവകാശ നിയമം
1 .J J ACT 77 പ്രായപൂർത്തിയാവാത്ത കുട്ടിക്ക് മദ്യം നൽകുക: മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും

പോക്‌സോ നിയമം
2, പോക്‌സോ- 5 (m) 12 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും
3. പോക്‌സോ -5( i) പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യൽ: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും
4. പോക്‌സോ- 5 -(L) കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായ ക്ഷതം വരുത്തുക: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും


ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി)
5. 302 കൊലപാതകം: വധശിക്ഷയും രണ്ടു ലക്ഷം പിഴയും (ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും വധശിക്ഷ നടപ്പാക്കുക)

6. 201 തെളിവ് നശിപ്പിക്കൽ: അഞ്ച് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ്)

7. 297 മൃതദേഹത്തോട് അനാദരവ്: ഒരു വർഷം തടവ്

8.364 തട്ടിക്കൊണ്ടുപോകൽ 10 വർഷം തടവും കാൽലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്)

9. 367 തട്ടിക്കൊണ്ടുപോയി പരുക്കേൽപ്പിക്കൽ 10 വർഷം തടവും കാൽലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്)

10.328 പ്രായപൂർത്തിയാകാത്തകുട്ടിക്ക് മദ്യം, മയക്ക് മരുന്ന് നൽകൽ: 10 വർഷം തടവും കാൽലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്)

11.366 (a) പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പത്തുവർഷം കഠിന തടവും 25000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്)

12. 377 (പ്രകൃതിവിരുദ്ധപീഡനവും ക്രൂരതയും: ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

13.376 (2 ) (j) സമ്മതം കൊടുക്കാൻ കഴിയാത്ത ആളെ ബലാത്സംഗം ചെയ്യുക: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

ശിശുദിനത്തിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ പ്രതിക്കുമേൽ സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. ഗുരുതര സ്വഭാവമുള്ള 3 പോക്സോ കുറ്റങ്ങൾ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കൽ തുടങ്ങിയ13 കുറ്റങ്ങൾ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്.

ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോർഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി.

ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.