കൊച്ചി: ആലുവയിൽ, അഞ്ചുവയസുകാരിയെ പ്രതി അസ്ഫാക് ആലം പീഡിപ്പിച്ചത് അതിക്രൂരമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനകളുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വലിയ മുറിവുകളാണ് കണ്ടെത്തിയത്. പ്രതിയുടെ രോമം കുട്ടിയുടെ ദേഹത്ത് നിന്ന് കണ്ടെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കുട്ടിയെ പ്രതി അസ്ഫാക് ആലം പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്. കുട്ടി ധരിച്ചിരുന്ന ബർമൂഡ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പ്രതി വകവരുത്തിയത്.

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹത്തിൽ, ചാക്കുകളും പ്ലാസ്റ്റിക് ഷീറ്റുകളും മുകളിൽ അടുക്കി വച്ച ശേഷം കല്ല് പുറത്തുവയ്ക്കുകയായിരുന്നു. കുട്ടിയുടെ ഒരുകൈയും കാലും മാത്രമാണ് പുറത്തേക്ക് തള്ളി നിന്നത്. മണ്ണിൽ കിടന്നതിനെ തുടർന്നാണ് ഉറുമ്പരിച്ചത്. കുട്ടിയുടെ മുഖം പാറയിൽ ഉരഞ്ഞതിന്റെ പാടുകളും ഉണ്ട്. അത്രയേറെ ക്രൂരതയാണ് അഫ്‌സാക് ആലം ആ കുട്ടിയോട് ചെയ്തത്. ഇതെല്ലാം പരിഗണിച്ചാണ് പ്രതിക്ക് കോടതി വധ ശിക്ഷ വിധിച്ചത്.

വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളിൽ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയിൽ വേസ്റ്റേഷൻ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.

രാവിലെ മാധ്യമ വാർത്തകളും സോഷ്യൽ മീഡിയയിൽ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയിൽ പെട്ട ആലുവ മാർക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ വൈകിട്ട് മൂന്നരയോടെ മാർക്കറ്റിൽ കണ്ടതായി പൊലീസിനെ അറിയിച്ചത്. രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തുടർന്നാണ് 12 മണിയോടെ മാർക്കറ്റിനു പുറകിൽ മാലിന്യം നിക്ഷേപിക്കുന്ന പെരിയാർ തീരത്ത് മൃതദേഹം കണ്ടത്.

ചാക്കിൽ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിചാരണയിൽ പ്രതിക്കെതരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. പിന്നീട് 13 വകുപ്പുകളിലേക്ക് കുറ്റങ്ങൾ മാറി. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

ക്രൂരത നടന്ന് നൂറാം ദിവസമാണ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. ഇതിൽ ചില വകുപ്പുകൾ ഇരട്ടിപ്പായിരുന്നു. അതുകൊണ്ടാണ് മൂന്നെണ്ണം ഒഴിവാക്കിയത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്റേതാണ് വിധി.

ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒക്ടോബർ നാലിന് കേസിൽ വിചാരണ ആരംഭിച്ചു. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവർ താമസിക്കുന്ന വീടിന് സമീപമാണ് അസ്ഫാക് ആലവും താമസിച്ചിരുന്നത്. ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.