- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റോഡുകളുടെ നിലവിലെ സ്ഥിതി എ.ഐ ക്യാമറയിലൂടെ നിരീക്ഷിച്ചുകൂടേ?; ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണം'; റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഹൈക്കോടതി; അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശിയപാത അഥോറിറ്റി
കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ നിലവിലെ സ്ഥിതി എ.ഐ ക്യാമറയുടെ സഹായത്തോടെ പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് ഈ സാധ്യത ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്. റോഡുകളുടെ ശോചനീയവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരത്തിന് വൈകുന്നതിന് കാരണമെന്ന് വിലയിരുത്തിയാണ് എ.ഐ.ക്യാമറ നിരീക്ഷണത്തിന്റെ സാധ്യത ആരാഞ്ഞത്.
വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. എല്ലായിടത്തും എ.ഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും, സ്ഥാപിച്ചിട്ടുള്ളിടത്ത് റോഡിന്റെ സ്ഥിതിയും നിരീക്ഷിക്കാനാകുമോ എന്നത് പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ അറിയിച്ചു. ഇടപ്പള്ളി മുതൽ കണ്ടെയിനർ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശിയപാത അഥോറിറ്റിയും അറിയിച്ചു. ഹർജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിർദേശിച്ചു.
റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ ക്യാമറകൾ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയാരോപണങ്ങളേയും രണ്ടായിത്തന്നെ കാണണം. ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
കുറ്റകൃത്യങ്ങൾ കുറയ്ക്കാനുള്ള സർക്കാരിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ശ്രമങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്. പദ്ധതി നടത്തിപ്പിലെ സുതാര്യതയും അഴിമതിയാരോപണവും മറ്റൊരു തലമാണ്. ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തിന് പോലും സംശയമില്ല. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, അത് ഇരുചക്രവാഹനയാത്രക്കാരുടെ ജീവന്റെ രക്ഷാകവചമാണന്നും വ്യക്തമാക്കി.
മറുനാടന് ഡെസ്ക്