- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിച്ചു കുട്ടപ്പനായി അനുസരണ ശീലത്തോടെ പൊലീസ് ജീപ്പിൽ ജയിലിൽ നിന്ന് കോടതിയിൽ; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന ആ ക്രൂരന് 99-ാം ദിനത്തിലും ഭാവ വ്യത്യാസമില്ല; കള്ളനെ പോലെ തല കുനിഞ്ഞ് നടപ്പും; പഴുതടച്ച കുറ്റപത്രം വധ ശിക്ഷയായേക്കും
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ശിക്ഷാ വിധിയുടെ ദിനവും മുഖഭാവങ്ങളിൽ മാറ്റമില്ല. കോടതി കുറ്റക്കാരനാണെന്ന വിധിച്ച ദിവസം കുളിച്ച് കുട്ടപ്പനായാണ് ജയിലിൽ നിന്നും പൊലീസിനൊപ്പം കോടതിയിൽ എത്തിയത്. തല കുനിച്ച് കോടതിയിലേക്ക് പോയ ആലത്തിന്റെ മുഖത്ത് കുറ്റബോധവും തെളിഞ്ഞ് കണ്ടില്ല. 16 കുറ്റങ്ങളും തെളിഞ്ഞു. ഇനി വ്യാഴാഴ്ച ശിക്ഷ വിധിക്കും. തുക്കുകയറാണ് ഏവരും പ്രതീക്ഷിക്കുന്നത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും നരാധമന് വധ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ്.
എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കുറ്റകൃത്യം നടന്ന് നൂറു ദിവസം തികയുന്നതിന് മുൻപ് അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച്, വിചാരണ പൂർത്തിയാക്കിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. റെക്കോഡ് വേഗത്തിലായിരുന്നു കേസിന്റെ അന്വേഷണവും വിചാരണയും. കൊടു ക്രൂരത കാട്ടിയ ആലത്തെ മാറ്റിയെടുക്കാൻ ഈ വിചാരണയിലൂടെ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പ്രതിയുടെ മുഖഭാവം നൽകുന്നത്. കോടതിക്കുള്ളിലും ഒന്നും സംഭവിച്ചില്ലെന്ന നിസ്സഗ ഭാവത്തിലായിരുന്നു ആലം. കൃത്യം നടന്ന് 99-ാം ദിവസമാണ് ആലം കുറ്റക്കാരനാണെന്ന് കോടതി വധിക്കുന്നത്.
ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവ ചൂർണിക്കരയിലെ വീട്ടിൽ നിന്ന് അഞ്ചുവയസ്സുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പിൽ താഴ്‌ത്തി. കല്ല് കൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് അമർത്തിയത്. താടിയെല്ല് തകർന്ന് മുഖം വികൃതമായി. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ ദിവസം രാത്രി തന്നെ അസ്ഫാക്കിനെ പൊലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ മറവ് ചെയ്ത സ്ഥലം പ്രതി ചൂണ്ടിക്കാട്ടിയത്.
കൃത്യം നടന്ന് 35-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. രണ്ട് മാസത്തിനു ശേഷം ഒക്ടോബർ നാലിന് വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി. 30-ാം ദിവസമാണ് വിധി പ്രസ്താവിക്കുന്നത്. 16 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിൽ നാലെണ്ണം പരമാവധി വധശിക്ഷ കൊടുക്കേണ്ടതാണ്. 99 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷന്റെ വിചാരണ നടപടികൾ ഒൻപത് ദിവസം നീണ്ടുനിന്നു. കുട്ടിയുടെ വസ്ത്രങ്ങൾ, ചെരിപ്പ്, ഡി.എൻ.എ. സാംപിളുകൾ, സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയിൽ ഹാജരാക്കി.
പ്രതി മറുനാട്ടുകാരനായതിനാൽ പരിഭാഷയ്ക്ക് ആളുണ്ടായിരുന്നു. പ്രതി സ്വന്തമായി അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല. പകരം സർക്കാർ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള വക്കീലാണ് വാദത്തിനായി എത്തിയത്. റൂറൽ എസ്‌പി. വിവേക് കുമാർ, ഡിവൈ.എസ്‌പി. പി. പ്രസാദ്, സിഐ. എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ജി. മോഹൻരാജാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
അറസ്റ്റിലായ അസ്ഫാക് ആലം മാത്രമായിരുന്നു കേസിലെ പ്രതി. 99 സാക്ഷികളുണ്ട്. 645 പേജുള്ള കുറ്റപത്രമാണ് റൂറൽ എസ്‌പി വിവേക് കുമാർ സമർപ്പിച്ചത്. 150 രേഖകളും 75 മെറ്റീരിയൽ ഒബ്ജക്ട്സും അടിസ്ഥാനമാക്കിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. ശക്തമായ സാഹചര്യ തെളിവുകളുടെയും സയന്റിഫിക്, സൈബർ ഫോറൻസിക് തെളിവുകളുടെയും ഡോക്ടർമാരുടെ റിപ്പോർട്ടിന്റെയും മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചത്. 645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണുള്ളത്. ആരും കൂറുമാറിയതുമില്ല.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചെരിപ്പ്, വസ്ത്രം ഉൾപ്പെടെയുള്ള മെറ്റീരിയൽ ഒബ്ജക്റ്റ്‌സ്, നിർണായക ഡോക്യുമെന്റുകൾ എന്നിവയെക്കുറിച്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും ഡൽഹിയിലും പോയി പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിയെയാണ് പ്രതി അസ്ഫാക് ആലം ക്രൂരമായി കൊലപ്പെടുത്തിയത്. കാണാതായ കുട്ടിയെ ആലുവ മാർക്കറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ