കൊച്ചി: പെരുമ്പാവൂലെ നിയമവിദ്യാർത്ഥിനിയുടെ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിചാരണാ കോടതി വിധി ശരിവെച്ചത്. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. താൻ നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാൽ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതനുസരിച്ചാണ് സംസ്ഥാന സർക്കാർ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്.

ഡിഎൻഎ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമാണ് വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. കോടതി വിധി കേൾക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും സഹോദരിയും കോടതിയിൽ എത്തിയിരുന്നു. കൊലപാതകം, ലൈംഗിക പീഡനം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെതിരെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതി അപ്പീലിൽ വാദിച്ചത്.

കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ ആദ്യഘട്ടത്തിൽ കോടതി രേഖകളിൽ ഉപയോഗിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തിൽ ഒഴിവാക്കിയിട്ടുണ്ട്. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണു യുവതിയുടെ പേരിനു പകരം ഇംഗ്ലിഷ് അക്ഷരമാലയിലെ 'ജെ' എന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.

2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിനിയായ നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

തുടർന്ന് മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുൾ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. താൻ പ്രതിയല്ലെന്നും തനിക്കെതിരായ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അമിറുൾ ഇസ്ലാം ചൂണ്ടിക്കാട്ടി. തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നും മറ്റാരോ ആണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും തനിക്ക് അവരെ പരിചയമില്ലെന്നുമാണ് അമീറുൾ ഇസ്ലാം വാദിച്ചത്.