തിരുവനന്തപുരം: ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം നാല്‌സെന്റ് കോളനിയിൽ ജീനാ ഭവനിൽ സുനിതയെ (35) ചുട്ടെരിച്ചു കൊന്ന കേസിൽ സുനിതയുടെ ഭർത്താവ് ജോയ് (43) എന്ന് വിളിക്കുന്ന ജോയി ആന്റണി കുറ്റക്കാരനെന്ന് കോടതി.കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ജനുവരി 17 ന് പ്രഖ്യാപിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാന്റ് ചെയ്തു.

2013 ഓഗസ്റ്റ് 3 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സുനിത ജോയിയുടെ മൂന്നാം ഭാര്യയായിരുന്നു. സുനിതയെ ഒഴിവാക്കി വീണ്ടും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി മനപ്പൂർവം സുനിതയുടെ മേൽ ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവ് ജോയി ആന്റണി ദേഹോപദ്രവം ഏൽപ്പിക്കുമായായിരുന്നു. കൃത്യദിവസം വൈകിട്ട് അഞ്ചുമണിയോടെ സുനിതയ്ക്ക് വന്ന ഫോൺകോളിൽ കുറ്റമാരോപിച്ച് മൺവെട്ടിക്കൈ കൊണ്ട് സുനിതയുടെ ശരീരത്തിന്റെ പല ഭാഗത്തും അടിച്ച്,സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോൾ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ സുനിതയുടെ പുറത്തുകൂടെ ഒഴിച്ച് തീ പിടിപ്പിച്ച് കൊലപ്പെടുത്തി.

തുടർന്ന് സുനിതയുടെ മൃതശരീരം മൂന്ന് ദിവസം വരെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച് വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് മൃതശരീരത്തിന്റെ ഭാഗങ്ങൾ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടും, കൊല നടത്തിയ വീട് വൃത്തിയാക്കി തെളിവ് നശിപ്പിച്ചു എന്നുള്ളതായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ 2013 ഓഗസ്റ്റ് 18 ൽ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് റവന്യൂ റിക്കവറി തഹദിൽദാർ ബൈജുവിന്റെ സാന്നിധ്യത്തിൽ പ്രതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നു പൊലീസ് പരിശോധന നടത്തി.നാട്ടുകാരുടെ സാന്നിധ്യത്തിൽ ടാങ്കിന്റെ മൂട് ഇളക്കി കുഴിയിൽ ഇറങ്ങി തലയുടെ ഭാഗമാണ് ആദ്യം പുറത്തെടുത്തത്.

തലയും ശരീരഭാഗങ്ങളും അഴുകി വേർപ്പെട്ട നിലയിലായിരുന്നു. കുഴിയിലുണ്ടായിരുന്ന സകല ശരീരഭാഗങ്ങളും പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻഫോറൻസിക് വിദഗ്ധ ഡോക്ടർ കെ.ശ്രീകുമാരിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയിരുന്നു. ഒരു ചാക്കിൽ കെട്ടാവുന്ന അവശിഷ്ടങ്ങൾ മാത്രമാണ് കുഴിയിലുണ്ടായിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശരീരത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്കായി അയച്ചിരുന്നു.

സുനിത, കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് മടങ്ങി വന്നില്ലെന്ന് സമീപ വാസികളെയും, അതേസമയം സുനിത മറ്റൊരാളുടെ കൂടെ പോയെന്ന് മക്കളെയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. കൊല്ലപ്പെട്ടത് ആരാണെന്ന് സ്ഥാപിക്കാനുള്ള കേസിലെ സുപ്രധാന ശാസ്ത്രീയ തെളിവായ ഡി. എൻ. എ പരിശോധനക്ക് വേണ്ടിയുള്ള അന്വേഷണം നടത്താതെയും, സുനിതയുടെ കുട്ടികളുടെ രക്തസാമ്പിളുകൾ ശേഖരിക്കാതെയുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയിരുന്നത്.

പൊലീസിന്റെ ഭാഗത്ത് വന്ന ഈ ഗുരുതര വീഴ്ച പരിഹരിക്കാൻ കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് ഡി. എൻ. എ പരിശോധന നടത്താൻ വിചാരണ വേളയിൽ പബ്‌ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.സുനിത കൊല്ലപ്പെട്ട് 9 വർഷങ്ങൾക്ക് ശേഷമാണ് കൊല്ലപ്പെട്ടത് സുനിതയാണോ എന്ന് തിരിച്ചറിയാൻ സുനിതയുടെ മക്കളും,കേസിലെ നിർണ്ണായക സാക്ഷികളുമായ ജോമോൾ,ജീനമോൾ എന്നിവരുടെ രക്തസാമ്പിളുകൾ കോടതിയുടെ മേൽനോട്ടത്തിൽ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്.

സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ കത്തികരിഞ്ഞ മൃതദേഹാവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേതാണെന്ന് തിരുവനന്തപുരം സ്റ്റേറ്റ് ഫോറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടർ കെ. വി. ശ്രീവിദ്യയുടെ മൊഴി കേസ്സിൽ നിർണ്ണായക വഴിത്തിരിവായി. കൃത്യദിവസം മൺവെട്ടി കൈ കൊണ്ട് പ്രതി സുനിതയെ തലയ്ക്കടിച്ച് വീഴ്‌ത്തി ദ്രാവകം പോലത്തെ എന്തോ ശരീരത്തിൽ ഒഴിച്ചുവെന്ന് സുനിതയുടെ മക്കളായ ജോമോളും, ജീന മോളും കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു.