തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ നാലാംപ്രതി ടി.നവ്യയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ 24 മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും നവ്യയോട് നിർദേശിച്ചിട്ടുണ്ട്. നവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.

എ.കെ.ജി. സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന് സഹായം നൽകിയത് പ്രാദേശിക നേതാവായ നവ്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എ.കെ.ജി. സെന്ററിന് സമീപത്തേക്ക് പോകാൻ ജിതിന് സ്‌കൂട്ടർ എത്തിച്ചുനൽകിയത് നവ്യയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഗൗരീശപട്ടത്ത് സ്‌കൂട്ടർ എത്തിച്ചുനൽകിയ നവ്യ, ജിതിൻ തിരിച്ചുവരുന്നത് വരെ കാത്തിരുന്നു. തുടർന്ന് ഇരുവരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അഭിഭാഷകനായ മൃദുൽ ജോൺ മാത്യുവാണ് നവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

കേസിൽ ഒന്നാം പ്രതി ജിതിന് ഡിയോ സ്‌കൂട്ടർ എത്തിച്ചു നൽകിയെന്നാരോപിച്ച് ക്രൈം ബ്രാഞ്ചു സമർപ്പിച്ച അഡീ. റിപ്പോർട്ടിലെ നാലാം പ്രതി പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഡയറി ഫയൽ ഹാജരാക്കി. നിരപരാധിയെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ജാമ്യഹർജിയിൽ നവ്യ ബോധിപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. പ്രതിക്ക് ജാമ്യം നൽകരുതെന്നും സർക്കാർ ബോധിപ്പിച്ചു.

കേസിൽ ആദ്യം അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂട്ടു പ്രതികളായി 2 മുതൽ 4 വരെ പ്രതി ചേർത്ത് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ മുമ്പാകെ ക്രൈംബ്രാഞ്ച് അഡീ. റിപ്പോർട്ട് സമർപ്പിക്കുകയായിന്നു. ജിതിനൊപ്പം കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, സുബീഷ്, പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. റിമാന്റിൽ കഴിഞ്ഞ ജിതിന് ഹൈക്കോടതി ജാമ്യം ഒക്ടോബർ 21 ന് ജാമ്യം അനുവദിച്ചു.

നവ്യ സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാൻ സ്‌കൂട്ടർ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിൻ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്

ജിതിന്റെ ജാമ്യ ഹർജി സെപ്റ്റംബർ 29 ന് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ആരോപണം ഗൗരവമേറിയതെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കൃത്യ സ്ഥലത്ത് നിന്നുള്ള അവശിഷ്ടങ്ങളുടെ ലാബ് പരിശോധനയിൽ ഗൺ പൗഡർ , സൾഫർ , പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകൾ കേസ് റെക്കോർഡിൽ ഉള്ളതായും കോടതി നിരീക്ഷിച്ചു. സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതിയുടെ വാദം തള്ളി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെഷൻസ് കുറ്റകൃത്യമായ വകുപ്പ് 436 ( തീവെയ്പ് കുറ്റം) , സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വകുപ്പ് 3 , 5 എന്നിവ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് പ്രതി ബോധിപ്പിച്ചിരുന്നു. തനിക്ക് ജാമ്യമനുവദിച്ചാൽ സംസ്ഥാനത്ത് കലാപവും ജന രോഷവുമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ട് കളവാണ്. വാഹനവും വസ്ത്രവും ഷൂസും വീണ്ടെടുക്കാൻ തന്നെ 3 ദിവസം കസ്റ്റഡിയിൽ നൽകിക്കഴിഞ്ഞു. തൊണ്ടിമുതലായ സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ ജയിലിലിട്ട് അന്വേഷണം നടത്തേണ്ട കാര്യമില്ല. സംഭവം നടന്ന് 83 ദിവസം കഴിഞ്ഞാണ് തന്നെ കളവായി അറസ്റ്റ് ചെയ്തത്. താൻ കാരണം നാളിതുവരെ സംസ്ഥാനത്ത് കലാപം ഉണ്ടായിട്ടില്ല. വാഹന നമ്പർ നെറ്റിൽ കൊടുത്താൽ ഉടമയുടെ വിവരം ലഭ്യമാകും. വാഹനം കിട്ടുന്നത് വരെ തന്നെ ജയിലിലിടുന്നത് അന്യായമാണ്. മറ്റു പ്രതികളുടെ അറസ്റ്റിന് താൻ വിഘാതം സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോർട്ടും സത്യവിരുദ്ധമാണ്.

തന്റെ പേരിൽ 2019 ൽ നടന്ന ഒരടി പിടിക്കേസും 2020 ൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഉള്ള 2 കേസുകൾ മാത്രമാണുള്ളത്. ഭാര്യയും മകനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം താനാണ്.ജൂൺ 30 ന് സംഭവം നടന്ന സമയം 40 ഓളം പൊലീസ് എ കെ ജി സെന്റർ പരിസരത്ത് പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഹെൽമറ്റില്ലാത്ത പ്രതിയുടെ മുഖം 180 സി സി ടി വി പരിശോധിച്ചിട്ടും തിരിച്ചറിയാത്തത് വിചിത്രമാണ്. ഷർട്ടിന്റെ കമ്പനി ടാഗും ഷൂസ് കമ്പനിപ്പേരും മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഫുൾസ്ലീവ് ഷർട്ട് ഇട്ട് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് താൻ പ്രതിയാകില്ല. സ്‌ഫോടകവസ്തു നിയമത്തിലെ 3 , 5 വകുപ്പ് നിലനിൽക്കണമെങ്കിൽ സ്‌ഫോടനം ജീവനോ സ്വത്തിനോ ഹാനി ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതായിരിക്കണം. ബോംബെറിഞ്ഞാൽ പോലും ജീവനോ സ്വത്തിനോ മാരക ഹാനി വരുത്തണം. ചെറിയ പരിക്കുകൾ ഉണ്ടായാൽ പോലും കേസ് നിലനിൽക്കില്ല.

ഇവിടെ ആരു കൃത്യം ചെയ്താലും ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ല. നാശനഷ്ടം എത്രയെന്ന് നാളിതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഒരു ഓക്‌സൈഡ് പെട്ടന്ന് കത്താൻ പൂത്തിരിയിൽ പോലും സൾഫറും പൊട്ടാസ്യവും ഉപയോഗിക്കുന്നു. കമ്പസ്റ്റണ് ശേഷം പൊട്ടാസ്യം ക്ലോറൈഡ് ഉണ്ടാകുന്നു. എല്ലാ പടക്കത്തിലും സൾഫറും പൊട്ടാസ്യവുമുണ്ടെന്നും പ്രതി ബോധിപ്പിച്ചു. കേസ് റെക്കോർഡുകളിൽ ആദ്യം പടക്കം എന്ന് രേഖപ്പെടുത്തിയ പൊലീസ് ജൂലൈ 3 ന് പടക്കം മാറ്റി ബോംബെന്ന് തിരുത്തി വായിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ തിരുത്തൽ റിപ്പോർട്ട് സമർപ്പിച്ചതായും പ്രതി ബോധിപ്പിച്ചു. പ്രതിയെ അകത്തിട്ട് പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതി ബോധിപ്പിച്ചു. അതേ സമയം ജാമ്യത്തെ ശക്തമായി എതിർത്ത് സർക്കാർ രംഗത്തുവന്നു. ജിതിൻ രണ്ടല്ല 7 കേസുകളിൽ പ്രതിയായി കേസ് നിലവിലുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു.