ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാർശകൾ അനിശ്ചിതമായി കേന്ദ്ര സർക്കാരിന് മുന്നിൽ കെട്ടിക്കിടക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രിം കോടതി. ജഡ്ജിമാരുടെ നിയമനങ്ങളിൽ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൊളീജിയം നൽകുന്ന ശിപാർശകളിൽ സർക്കാരിന് പരിമിത പങ്ക് മാത്രമേ വഹിക്കാനുള്ളൂ. ശിപാർശകൾ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് തെറ്റായ സന്ദേശം നൽകും. അതുകൊളീജിയത്തിന് സ്വീകാര്യമല്ലെന്നും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ വ്യക്തമാക്കി. പിന്നാലെ ജഡ്ജിമാരുടെ നിയമനം സമയബന്ധിതമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകി.

ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ കേന്ദ്രം നൽകുന്നു. കൊളീജിയം ശുപാർശ ചെയ്യാത്ത പേരുകളാണ് പട്ടികയിൽ ഇടംപിടിക്കുന്നതെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. കൊളീജിയം രണ്ടാമതും അയക്കുന്ന ജഡ്ജി നിയമന ശുപാർശ കേന്ദ്രം മടക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടൽ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നൽകിയ 22 ശുപാർശകൾ കേന്ദ്ര നിയമമന്ത്രാലയം നവംബറിൽ മടക്കിയിരുന്നു. ഇതിൽ ഒമ്പത് എണ്ണം കൊളീജിയം രണ്ടാമതും നൽകിയ ശുപാർശകളാണ്. അവർത്തിച്ച് നൽകുന്ന ശുപാർശകൾ കേന്ദ്രം മടക്കുന്നത് വിഷയമാണെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചൂണ്ടിക്കാട്ടി. കേന്ദ്രം നൽകിയ പട്ടികയിൽ ചില പേരുകൾ കൊളീജിയം പരിഗണിക്കാത്തവയാണ്. ഈ പേരുകൾ കൊളീജിയം പരിഗണിക്കണമെന്ന് നിർദേശിച്ചുകൊണ്ടാണ് ശുപാർശ മടക്കിയതെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി.

ഇങ്ങനെ മടക്കിയ ശുപാർശകളിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് കൊളീജിയം യോഗം ചേർന്ന് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള ഹൈക്കോടതി ജഡ്ജിമാരായി അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ.എ. സഞ്ജീത എന്നിവരെ നിയമിക്കുന്നതിനുള്ള കൊളീജിയം രണ്ടാമത് നൽകിയ ശുപാർശയും കേന്ദ്ര സർക്കാർ മടക്കിയിരുന്നു. ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച ശുപാർശകൾ കൊളീജിയം തയ്യാറാക്കുന്നത് വിവിധ ഭരണപരമായ ഘട്ടങ്ങൾ ഉൾപ്പടെ കണക്കിലെടുത്താണ്.

സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്റെ പത്തോളം ശുപാർശകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സർക്കാരിന് കാര്യമായ പങ്കില്ല. എന്നാൽ, തീരുമാനം വൈകുകയാണ്. ഇത് അസ്വീകാര്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

കൊളീജിയം ശിപാർശകൾ മടക്കി അയക്കുന്നത് സർക്കാർ ഒരു പതിവാക്കി മാറ്റിയിരിക്കുകയാണെന്ന് മുതിർന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി. അതൊരു ഗുരുതര ആരോപണമാണെന്ന് അറ്റോർണി ജനറൽ മറുപടി നൽകിയപ്പോൾ കൊളീജിയം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞത്.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റുന്നതിനുള്ള കൊളീജിയം ശുപാർശകളിൽ ഉൾപ്പടെ തീരുമാനം വൈകുന്ന കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. ഗുവാഹാട്ടിക്ക് പുറമെ, ഝാർഖണ്ഡ്, ജമ്മുകശ്മീർ, ലഡാക് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള ശുപാർശയാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്.

എന്നാൽ വിവിധ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാർ ഉൾപ്പടെ അഞ്ച് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശയിലും കൊളീജിയം തീരുമാനം വൈകുകയാണ്. അതിനാലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം സംബന്ധിച്ച തീരുമാനവും വൈകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച ശുപാർശകളിൽ തീരുമാനം ഉണ്ടാക്കുന്ന കാര്യം ഉറപ്പുവരുത്താൻ കോടതി അറ്റോർണി ജനറലിനോട് നിർദേശിച്ചു.

സുപ്രീംകോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ തന്നെ കൊളീജിയം ശുപാർശകളിൽ തീരുമാനം എടുക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി വ്യക്തമാക്കി. ഹൈക്കോടതികളിലെ ഉൾപ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ 44 ശുപാർശകളിൽ ശനിയാഴ്ച തീരുമാനം എടുക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊളിജീയം നൽകിയ 104 ശുപാർശകളാണ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളത്. മറ്റ് ശുപാർശകളും പരിശോധിച്ച് വൈകാതെ തീരുമാനം ഉണ്ടാകുമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.