ന്യൂഡൽഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് പ്രചരണ രംഗത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉണ്ടാകില്ലെന്ന് സൂചന. ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് നീങ്ങുകയാണ്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇതോടെ കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും. അതേസമയം ജയിലിൽ വീട്ടിലെ ഭക്ഷണവും മരുന്നും പുസ്തകങ്ങളും അനുവദിക്കണമെന്ന് കേജ്‌രിവാൾ കോടതിയിൽ ആവശ്യപ്പെട്ടു.

മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, ഏപ്രിൽ ഒന്നുവരേയുള്ള കസ്റ്റഡിയേ സ്പെഷ്യൽ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നുള്ളൂ.

അതേസമയം അറസ്റ്റിനെതിരെ കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ മൗലീകാവകാശം ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് കേജ്‌രിവാൾ കോടതിയെ സമീപിച്ചത്. ഇതിൽ ഡൽഹി ഹൈക്കോടതി ഇ.ഡിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 2നുള്ളിൽ മറുപടി നൽകണമെന്നും ഏപ്രിൽ മൂന്നിന് വിചാരണ ആരംഭിക്കുമെന്നുമാണ് കോടതി അറിയിച്ചത്.

അതേസമയം വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കേജ്രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ് കേസ്. 2021 നവംബർ 17ന് ആണു നയം പ്രാബല്യത്തിൽ വന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ലഫ്. ഗവർണർ വി.കെ.സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു. സംഭവം വിവാദമായപ്പോൾ 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവർ നടത്തിയ ഗൂഢാലോചനയാണ് ഡൽഹി മദ്യനയ അഴിമതിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, ബി.ആർ.എസ് നേതാവ് കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളിൽ ഒമ്പതെണ്ണം ലഭിച്ചു.

മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനം മാർജിനും ചെറുകിടക്കാർക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തിൽനിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരിൽനിന്ന് തിരികെ എ.എ.പി നേതാക്കൾക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തിൽ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. കെ. കവിതയെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.