ന്യൂഡൽഹി: അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി സുപ്രീം കോടതി 24-ന് പരിഗണിക്കും. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഇന്നലെ തള്ളിയകാര്യം മൃഗസ്നേഹികളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി 24-ന് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പറമ്പികുളത്തേക്ക് മാറ്റിയശേഷം അരികൊമ്പൻ അക്രമാസക്തമായാൽ ജനങ്ങൾ ആനയ്ക്കെതിരെ അക്രമം നടത്താൻ സാധ്യത ഉണ്ടെന്നാണ് ഹർജിക്കാരുടെ വാദം. അതിനാൽ അരികൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പി.ടി 7-നെപ്പോലെ സംരക്ഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ വി.കെ ബിജു ആണ് സുപ്രീം കോടതിയിൽ ഹാജരായത്.

തടസഹർജി ഫയൽ ചെയ്തിരുന്ന മൃഗ സ്നേഹികളുടെ സംഘടനകൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷക ശിബാനി ഘോഷ് എന്നിവരാണ് ഹാജരായത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ സി.കെ ശശി എന്നിവരാണ് ഹാജരായത്.

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ ഫയൽ ചെയ്‌തേക്കും. പറമ്പികുളത്തെ തദ്ദേശവാസികളും, തദ്ദേശ സ്ഥാപനവും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇതിനിടെ കേരളത്തിലെ ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഒരപേക്ഷ മൃഗസ്നേഹികളുടെ സംഘടന സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. ഈ അപേക്ഷയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ വ്യക്തികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് തടയണമെന്ന ഹർജി തള്ളിയതിനു പിന്നാലെയാണ് പുതിയ ഹർജി.

അരിക്കൊമ്പനെ പിടികൂടി ജനങ്ങൾക്ക് ഭീഷണിയില്ലാത്ത മേഖലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷ്ണു പ്രസാദ് ആണ് സുപ്രീം കോടതിയെ ആദ്യം സമീപിച്ചത്.

അതേസമയം, ആനയെ പുനരധിവസിപ്പിക്കുന്നതിൽ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. പുതിയ സ്ഥലം കണ്ടെത്തി നാളെ റിേപ്പാർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.