ന്യൂഡൽഹി: നിലവിൽ തമിഴ്‌നാട് വനത്തിൽ തങ്ങുന്ന അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലായ് ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.കെ. മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സഘടനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കുണ്ട്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അരിക്കൊമ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കണെമന്നും നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സർക്കാരുകളോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആനത്താരകളും ആനകൾ കഴിയുന്ന പ്രദേശങ്ങളും സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്നതിനും വിദഗ്ധ സമിതി രൂപവത്കരിക്കണെമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ പുതിയ സ്ഥലവുമായി നന്നായി ഇണങ്ങുന്നുവെന്നാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്. കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ കോതയാറിൽ പുല്ലെല്ലാം തിന്ന് ഉഷാറായി നിൽക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തമിഴ്‌നാട് വനം വകുപ്പ് പുറത്ത് വിട്ടിരുന്നു.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയ്യാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.

അരിക്കൊമ്പന്റെ കൂടുതൽ വിഡിയോ ദൃശ്യങ്ങൾ തമിഴ്‌നാട് വനം വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഏതാനും ദിവസമായി കോതയ്യാർ ഡാമിനു സമീപമുള്ള കാട്ടിൽ അരിക്കൊമ്പൻ തുടരുകയാണ്. ഇതോടെ കേരളത്തിലേക്ക് ആന കടക്കുമോ എന്ന അതിർത്തി ഗ്രാമങ്ങളിലെ ആശങ്കയ്ക്ക് അൽപം കുറവുണ്ട്. ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. ഇതേ സ്ഥലത്ത് മറ്റ് ആനകളും ആനക്കൂട്ടങ്ങളുമുണ്ട്. ഇവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പൻ തയറായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.