ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയത്തിൽ ഹർജിക്കാരന് പിഴയിട്ടു സുപ്രീംകോടതി. തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരനാണ് സുപ്രീംകോടതി പിഴയിട്ടത്. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്ന സംഘടനയ്ക്കാണ് 25,000രൂപ സുപ്രീം കോടതി പിഴയിട്ടത്.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സൂപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി എത്തുന്നു. പൊതുതാത്പര്യ ഹർജി എന്നുള്ള സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് 25,000രൂപ പിഴയിട്ടത്. ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ആന കാട്ടിൽ എവിടെയുണ്ടെന്ന് നിങ്ങൾ എന്തിന് അറിയണമെന്നും സുപ്രീം കോടതി ചോദിച്ചു. ആന ഒരു സ്ഥലത്ത് നിൽക്കുന്ന ജീവിയല്ല. അത് വനത്തിലൂടെ പലസ്ഥലത്ത് പോകുമെന്നും കോടതി നീരീക്ഷിച്ചു.

ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ആ സാഹചര്യത്തിൽ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.