തിരുവനന്തപുരം: സംസ്ഥാനം നടുങ്ങിയ തുമ്പ പൊലീസ് വെടിവെയ്‌പ്പ് കേസിൽ ദൃക്‌സാക്ഷികളും കൃത്യ സ്ഥല മഹസർ സാക്ഷികളുമടക്കം 17 സാക്ഷികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തരവ് കോടതി പുറപ്പെടുവിച്ചു. പ്രോസിക്യൂഷൻ ഭാഗം 9 മുതൽ 25 വരെയുള്ള സാക്ഷികൾക്കെതിരായ വാറണ്ടുത്തരവ് വീഴ്ച കൂടാതെ നടപ്പിലാക്കാൻ കഴക്കൂട്ടം സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി ഔദ്യോഗിക മെമോറാണ്ടം നൽകി. തിരുവനന്തപുരം ഒന്നാം അഡീ.സബ് ജഡ്ജിയും അസി. സെഷൻസ് ജഡ്ജിയുമായ ജിഷാ മുകുന്ദന്റേതാനുത്തരവ്. മാർച്ച് 29 നകം സാക്ഷികളെ അറസ്റ്റ് ചെയ്യാനാണുത്തരവ്.

തുമ്പ പൊലീസ് വെടിവെയ്പ് കേസിൽ 2019 ജൂൺ 6 ൽ നടന്ന വിചാരണയിൽ 36 മുതൽ 39 വരെയുള്ള ദൃക്‌സാക്ഷികളായ തുമ്പ പൊലീസ് സ്റ്റേഷനിലെ നാലു പൊലീസ് കോൺസ്റ്റബിൾമാർ കൂടി കൂറുമാറി പ്രതി ഭാഗം ചേർന്നു. സാക്ഷിക്കൂട്ടിൽ നിന്ന് പൊലീസ് കോൺസ്റ്റബിൾമാരായ ഭാസി കുമാർ , ഷാജഹാൻ , രാജശേഖരൻ നായർ , അബ്ദുൾ കലാം എന്നീ നാലു പൊലീസുകാരാണ് കേസന്വേഷണ ഘട്ടത്തിലെ ആദ്യ പൊലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേർന്നത്. പ്രതിക്കൂട്ടിൽ നിന്ന 116 പ്രതികളിൽ ഒരാളെ പോലും അറിയില്ലെന്നും ഇവർ മൊഴി നൽകി.

വാൾ , ചുരുട്ടുവാൾ, മഴു , പങ്കായം , ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബ് , കല്ല് , കമ്പി എന്നീ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചു പൊലീസുദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊലീസ് ജീപ്പ് , ഹെൽമറ്റ് , ഷീൽഡ് എന്നിവ തല്ലിത്തകർക്കുകയും ചെയ്ത പ്രതികളെ ഇനിയും കണ്ടാലറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് , ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം , നാലു കോൺസ്റ്റബിൾമാരും മൊഴി കൊടുത്തിരുന്നു. കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കിയ ഈ മൊഴിയാണ് പൊലീസുകാർ കോടതിയിൽ തിരുത്തിയത്.മുൻ അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ജയച്ചന്ദ്രൻ ദീർഘനേരം ക്രോസ് ചോദ്യം ചോദിച്ചിട്ടും കൂറു മാറിക്കൊണ്ടുള്ള ചീഫ് വിസ്താര മൊഴിയിൽ നാലുപേരും ഉറച്ചു നിന്നു.

നാലു പൊലീസുകാരും പ്രോസിക്യൂഷൻ ഭാഗം 36 മുതൽ 39 വരെയുള്ള സാക്ഷികളാണ്. കഴിഞ്ഞ ദിവസത്തെ വിചാരണയിൽ രാധാകൃഷ്ണൻ നായർ , ബാഹുലേയൻ എന്നീ രണ്ടു പൊലീസുകാർ കൂറുമാറി പ്രതി ഭാഗം ചേർന്നിരുന്നു. ഇതോടെ പൊലീസ് മൊഴി കോടതിയിൽ തിരുത്തി കൂറു മാറി പ്രതി ഭാഗം ചേർന്ന പൊലീസുകാരുടെ എണ്ണം ആറായി. കഴക്കൂട്ടം മേനംകുളം ഫാത്തിമ തുമ്പ കടൽ പുറം താമസക്കാരായ ഷാജി , വർഗ്ഗീസ് , റോബിൻസൺ , ചാൾസ് , റിനു , കസ്ബർ , ജോസഫ് പെരേര , അൽഫോൻസ് എന്നിവരടക്കം 116 പ്രതികളാണ് പൊലീസ് വധശ്രമക്കേസിൽ വിചാരണ നേരിടുന്നത്. 2001 ഡിസംബർ 28 പകൽ 11.30 നാണ് സംസ്ഥാനം നടുങ്ങിയ പൊലീസ് വെടിവെയ്‌പ്പ് നടന്നത്. വെടിവെയ്‌പ്പിൽ വർഗ്ഗീസ് എന്ന മൽസ്യ തൊഴിലാളി മരണപ്പെട്ടു. രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കും ഏറ്റിരുന്നു.

കഠിനംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട പുത്തൻ തോപ്പിൽ 2001 ഡിസംബർ 25 ലെ ക്രിസ്തുമസ് നാളിൽ നടന്ന ജല മേളക്കിടെ കടപ്പുറത്തെ ഒരു പെൺകുട്ടിയെ മറ്റൊരു തുറയിലെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് അവിടത്തുകാരും ഫാത്തിമ തുമ്പ സ്ഥല വാസികളുമായ മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള വഴക്കിലും സംഘർഷത്തിൽ കലാശിച്ചത്. കലാപം നിയന്ത്രിക്കാനായി എത്തിയ പൊലീസ് സംഘത്തിന് കലാപം നിയന്ത്രിക്കാനാവാതെ സ്ഥലത്ത് നിന്നും ജീവ രക്ഷാർത്ഥം പിന്തിരിഞ്ഞോടി പൊലീസ് വാഹനത്തിൽ രക്ഷപ്പെടേണ്ടി വന്നു. അപ്രകാരം പിന്തിരിഞ്ഞോടിയ പൊലീസ് പാർട്ടിയിൽപ്പെട്ട കേരള ആമ്ഡ് പൊലീസ് ( കെ. എ. പി ) മൂന്നാം ബറ്റാലിയൻ ഇ കമ്പനിയിൽപ്പെട്ട ഏ.ആർ. ക്യാമ്പിലെ ഗിരീഷ് , മുരളീധരൻ പിള്ള എന്നീ രണ്ട് പൊലീസുകാർ ആക്രമണം ഭയന്ന് പ്രാണ രക്ഷാർത്ഥം ചായ്പിൽ പതുങ്ങിയിരുന്നു. ഈ രണ്ടു പൊലീസുകാർക്കും പൊലീസ് വാഹനത്തിൽ ഓടി കയറാൻ സാധിച്ചിരുന്നില്ല. തുടർന്ന് മാരകായുധങ്ങളുമായി ലഹളക്കാർ സംഘടിച്ച് രാജീവ്‌നഗർ റോഡുപരോധിച്ചു.

കാണാതായ രണ്ടു പൊലീസുകാരെ കണ്ടെത്താനും ക്രമ സമാധാനം പരിപാലിക്കാനുമായി സിറ്റി പൊലീസ് കമ്മീഷണർ രാജൻ സിംഗിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. എന്നാൽ അക്രമകാരികൾ പൊലീസിന്റെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്നാണ് കമ്മീഷണർ വെടി വയ്ക്കാൻ നിർദ്ദേശിച്ചത്. 2003 ഓഗസ്റ്റ് 3 നാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണർ റ്റി. ജെയിംസ് വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനും 116 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

തുമ്പ വെടിവെയ്പ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജില്ലാ ജഡ്ജി രാജപ്പനാചാരി കമ്മീഷൻ സർക്കാരിന് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. വെടിവെയ്‌പ്പിനെ ന്യായീകരിച്ചു കൊണ്ടും എന്നാൽ നടപടി ക്രമങ്ങൾ പാലിക്കാതെ വെടിയുതിർത്തതിനാൽ ഒരു ജീവൻ പൊലിഞ്ഞതിനെയും അനവധി പേർക്ക് പരിക്കേൽക്കാൻ ഇട വന്നതിനെയും രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയത്. വെടിവെയ്പിന് ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങിയില്ല. വെടി വെയ്‌പ്പിന് മുന്നോടിയായി ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ജല പീരങ്കി ( വജ്ര ) ഉപയോഗിച്ചില്ല. ബാനർ കെട്ടിയില്ല. കാൽ മുട്ടിന് താഴെ വെടിയുതിർക്കുന്നതിന് പകരം പലരെയും വളഞ്ഞ് വച്ച് നെഞ്ചിലും മറ്റും നിറയൊഴിക്കുകയായിരുന്നു. പൊലീസ് കമ്മീഷണർ എ.കെ. 47 തോക്കുപയോഗിച്ചാണ് ലഹളക്കാരെ നേരിട്ടത്. ഇതെല്ലാണ് വർഗ്ഗീസ് എന്നയാളുടെ ജീവഹാനിക്കും മറ്റുള്ളവർക്ക് പരിക്കേൽക്കാനും ഇട വരുത്തിയതെന്നും ആചാരി കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.