- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീയുടെ ബഹുമാനം സുപ്രീംകോടതി ഉയർത്തി പിടിക്കുമ്പോൾ
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് രൂക്ഷ വിമർശനം. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ റദ്ദാക്കിയ സുപ്രീംകോടതി, ഗുജറാത്ത് സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു. കേസിൽ ഇരയുടെ ഹർജി നിലനിൽക്കുന്നതാണെന്നും വിധിച്ചു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഇതെല്ലാം ഗുജറാത്ത് സർക്കാരിന് തിരിച്ചടിയാണ്.
പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2022ലെ മുൻ സുപ്രീകോടതി വിധി അസാധുവാണെന്ന് കോടതി പറഞ്ഞു. പ്രതികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ചാണ് വിധി നേടിയത്-സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്ന് ഉണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. സുപ്രീംകോടതിയിൽ എന്തു കൊണ്ട് ഗുജറാത്ത് പുനപരിശോധന ഹർജി നൽകിയില്ലെന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ അധികാരത്തെ ഗുജറാത്ത് സർക്കാർ മറികടന്നു. മഹാരാഷ്ട്രയുടെ അധികാരം ഗുജറാത്ത് സർക്കാർ തട്ടിയെടുത്തുവെന്നും വിമർശിച്ചു. അങ്ങനെ എല്ലാ അർത്ഥത്തിലും ഗുജറാത്ത് സർക്കാരിന് തിരിച്ചടിയാണ് വിധി.
പ്രതികൾ ജയിലിലേക്ക് പോകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബിൽക്കിസ് ബാനു അനുഭവിച്ച ക്രൂരത കൂടി കോടതിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. ഒരു പ്രതിക്ക് ഇളവ് നൽകാവുന്നത് പരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തന്നെ മുൻ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു. ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിന്റെ വിചാരണ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണ്. ഗുജറാത്ത് സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അവകാശമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ, 11 പ്രതികളെ ജയിൽ മോചിതരാക്കിയതിന് എതിരെയയായിരുന്നു ഹർജി. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് പ്രതികളെ ജയിൽ മോചിതരാക്കിയത്. 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്നു കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഗുജറാത്ത് ഇവരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. ബിൽക്കിസ് ബാനുവിനെ കൂടാതെ മുൻ എംപി മഹുവ മൊയ്ത്ര, സിപിഎം പിബി അംഗം സുഭാഷിണി അലി എന്നിവരും ഗുജറാത്ത് സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്.
ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണു വാദം കേട്ടത്. ശിക്ഷാ ഇളവു നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനൽകി വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു.