ന്യൂഡൽഹി: കൂട്ട ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷ സർക്കാരിന് ഇളവു ചെയ്യാമെന്ന വിധിക്കെതിരെ, ഗുജറാത്ത് കലാപത്തിനിടെ ആക്രമിക്കപ്പെട്ട ബിൽക്കിസ് ബാനു നൽകിയ പുനപ്പരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. വിധി പുനപ്പരിശോധിക്കുന്നതിനു കാരണമൊന്നും കാണുന്നില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

ശിക്ഷ ഇളവു ചെയ്യാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടെന്നാണ്, കഴിഞ്ഞ മെയിൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. 1992ലെ ശിക്ഷ ഇളവു ചെയ്യൽ നയം അനുസരിച്ച് അപേക്ഷകളിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാനും കോടതി നിർദേശിച്ചിരുന്നു. കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിൽ ആയതിനാൽ ശിക്ഷാ ഇളവിൽ മഹാരാഷ്ട്രാ സർക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

ബിൽക്കിസ് ബാനു നൽകിയ പുനപ്പരിശോധനാ ഹർജി ചേംബറിലാണ് കോടതി പരിഗണിച്ചത്. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപെട്ടവരെ ജയിൽ മോചിപ്പിച്ചതെന്ന് ഗുജറാത്ത് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ശിക്ഷ ഇളവ് ലഭിച്ച പതിനൊന്ന് പേരും ജയിലിൽ നല്ല സ്വഭാവമായിരുന്നു. ശിക്ഷ ഇളവിന് എതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത സിപിഎം നേതാവ് സുഭാഷിണി അലി അടക്കം ഉള്ളവർ വലിഞ്ഞ് കയറി കേസിൽ ഇടപെടുന്നവർ ആണെന്നും ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുകയുണ്ടായി.

ശിക്ഷ അനുഭവിക്കുന്നവരുടെ ജയിൽ മോചനം സംബന്ധിച്ച 1992 ലെ നയത്തിന്റെ അടിസ്ഥാനത്തിൽ ആണ് പതിനൊന്ന് പേർക്കും ശിക്ഷ ഇളവ് നൽകിയത്. പതിനാല് വർഷം തടവ് പൂർത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ജയിലിൽ കഴിയുന്നവർക്ക് ശിക്ഷ ഇളവ് നൽകാമെന്ന സർക്കുലറിന്റെ അടിസ്ഥാനത്തിൽ അല്ല ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ മോചനമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.