- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രായപൂർത്തിയാകാത്തവരുടെ പ്രണയ ബന്ധത്തെ കുറ്റകൃത്യമാക്കാനുള്ളതല്ല പോക്‌സോ നിയമം; സമ്മതത്തോടെയുള്ള ശാരീരികബന്ധം പോക്‌സോയിലുൾപ്പെടില്ല'; പോക്‌സോ നിയമം ദുരുപയോഗം ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: പോക്‌സോ കേസിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്തവരുടെ പ്രണയ ബന്ധത്തെ കുറ്റകൃത്യമാക്കാനുള്ളതല്ല പോക്‌സോ നിയമമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജയിലിൽ കഴിയുന്ന 22കാരന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.
പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളിൽ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്‌സോ നിയമമെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനുജ പ്രഭു ദേശായിയാണ് വിധി പ്രസ്താവിച്ചത്.
കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്‌സോ വകുപ്പ് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പ് പ്രായപൂർത്തിയാകാത്തവരുടെ പ്രണയത്തോടെയുള്ളതോ പരസ്പര സമ്മതത്തോടെയുള്ളതോ ആയ ബന്ധത്തെ കുറ്റകൃത്യമാക്കിത്തീർക്കാനുള്ളതല്ലെന്നും കോടതി പറഞ്ഞു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന അമ്മയുടെ പരാതിയിൽ 2021ലാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. യുവാവ് 2021 ഫെബ്രുവരി 17 മുതൽ കസ്റ്റഡിയിലാണ്. വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല, വിചാരണ ഉടനടി ആരംഭിക്കാൻ സാധ്യതയുമില്ല. വലിയ ക്രിമിനലുകളുടെ കൂടെ കൂടുതൽ കാലം യുവാവിനെ തടങ്കലിൽ വയ്ക്കുന്നത് ദോഷകരമാകുമെന്നും കോടതി നിരീക്ഷിച്ചു.
തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.
പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ കുറ്റവാളിയായി മുദ്രകുത്താൻ പോക്‌സോ നിയമം ദുരുപയോഗം ചെയ്യരുതെന്നും ലൈംഗികാതിക്രമം തടയാനുള്ള വകുപ്പാണ് പോക്‌സോയെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.