- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തീപ്പിടിത്തം കുട്ടിക്കളിയല്ല; പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങൾ നീറിപ്പുകയുന്നു; എന്തുകൊണ്ടാണ് കളക്ടർ ഓൺലൈനിൽ ഹാജരായത്?'; ബ്രഹ്‌മപുരം വിഷയം പരിഗണിച്ചപ്പോൾ നേരിട്ട് എത്താത്ത കളക്ടറെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ബ്രഹ്‌മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താതിരുന്ന എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം. ഓൺലൈനിലാണ് കളക്ടർ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അതേസമയം, ബ്രഹ്‌മപുരം പ്ലാന്റിന്റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.
ബ്രഹ്‌മപുരം വിഷയം പരിഗണിക്കുമ്പോൾ ഓൺലൈനിലായിരുന്നു കളക്ടർ എൻ.എസ്.കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങൾ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോൾ എന്തുകൊണ്ടാണ് കളക്ടർ ഓൺലൈനിൽ ഹാജരായത് എന്നതാണ് കോടതി പ്രധാനമായും ഉന്നയിച്ച ചോദ്യം. കൊച്ചി കോർപറേഷൻ മേയർക്കെതിരെയും ഹൈക്കോടതി നിശിതവിമർശനം ഉന്നയിച്ചു.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാൽ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം, ബ്രഹ്‌മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിനായി ചെലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ കോർപറേഷന് സെക്രട്ടറിയോടെ ഹൈക്കോടതി നിർദേശിച്ചു.
ബ്രഹ്‌മപുരം പ്ലാന്റിലെ തീപ്പിടിത്തം സംബന്ധിച്ച് ഇന്ന് (തിങ്കളാഴ്ച) മലിനീകരണനിയന്ത്രണബോർഡ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബ്രഹ്‌മപുരം പ്ലാന്റിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് മലിനീകരണനിയന്ത്രണബോർഡിന്റെ റിപ്പോർട്ടിലുള്ളത്. മലിനീകരണനിയന്ത്രണബോർഡിനേയും കോടതി വിമർശിച്ചു. ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിർത്താൻ സാധിക്കുന്നു എന്നതായിരുന്നു കോടതിയുടെ ചോദ്യം. കൊച്ചി കോർപറേഷനേയും ജില്ലാഭരണകൂടത്തേയും ഒന്നടങ്കം കോടതി രൂക്ഷമായി വിമർശിച്ചു.
ബ്രഹ്‌മപുരം വിഷയത്തിൽ കളക്ടർ നേരിട്ട് ഹാജരാകാത്തതിൽ ഹൈക്കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എറണാകുളം കളക്ടറായിരുന്ന രേണു രാജ് കോടതിയിലെത്താൻ ഹൈക്കോടതി ആദ്യം നിർദ്ദേശം നൽകിയെങ്കിലും അവർ ഹാജരായില്ല. പകരം ദുരന്തനിവാരണ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥയാണ് കോടതിയിലെത്തിയത്. അന്നും കളക്ടർ നേരിട്ട് ഹാജരാകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
തന്റെ അയൽക്കാരിയായ കളക്ടർക്ക് ഇതുവരെ പുകയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലേയെന്ന് കോടതി പരിഹാസരൂപേണ ചോദിച്ചിരുന്നു. അങ്ങനെയെങ്കിൽ കളക്ടർ കോടതിയിലേക്ക് എത്തി കാര്യങ്ങൾ പറഞ്ഞാൽ കളക്ടർ സ്വീകരിച്ചതു പോലുള്ള മുൻകരുതൽ തങ്ങൾക്കും എടുക്കാമല്ലോ എന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. പിന്നീട് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു.
തീപ്പിടിത്തത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് കോർപറേഷൻ ഹാജരാക്കേണ്ടതുണ്ട്. കോർപറേഷന്റെ നിലപാട് വ്യക്തമാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തിൽ തീരുമാനം കൈക്കൊള്ളുന്നത്. ബ്രഹ്‌മപുരത്തെ തീയണയ്ക്കൽ ഇനിയും പൂർണമായിട്ടില്ല. കൂടാതെ, ഇപ്പോഴും പുകശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ തീയണച്ചുവെന്നും പുകശല്യം കുറഞ്ഞുവെന്നും മന്ത്രിയുൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ പ്രതികരണം ജനങ്ങളുടെ രൂക്ഷവിമർശനത്തിനിടയാക്കിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ