ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിഎഎ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സിഎഎ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നും നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീംകോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്തിട്ടുണ്ട്. സ്യൂട്ട് ഹർജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡിങ് കോൺസൽ സി.കെ ശശിയാണ് അപേക്ഷ സമർപ്പിച്ചത്.പൗരത്വ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുഖേന തുടർ നിയമ നടപടി തുടങ്ങിയത്. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സർക്കാരിന്റെ നിലപാട്.

പൗരത്വനിയമഭേദഗതിച്ചട്ടം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹർജികൾ 19-ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യവും ഇതിനോടൊപ്പം പരിഗണിച്ചേക്കും. പൗരത്വനിയമ ഭേദഗതി വിവേചനപരവും, ഏകപക്ഷീയവും, യുക്തിരഹിതവും മതേതര തത്വങ്ങൾക്ക് എതിരുമാണ്. പൗരത്വം നൽകാൻ മതം അടിസ്ഥാനമാക്കുന്നത് വിവേചനപരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്ക് മാത്രം പൗരത്വം നൽകാനുള്ള തീരുമാനത്തിന് ന്യായീകരമില്ല. ഈ മൂന്ന് രാജ്യങ്ങളിൽ മത പീഡനം അനുഭവിക്കുന്ന അഹമ്മദീയ, ഷിയാ, ഹസാരസ് എന്നീ വിഭാഗങ്ങളെ എന്തുകൊണ്ട് നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. ശ്രീലങ്ക, മ്യാന്മാർ, ഭൂട്ടാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാതെയിരിക്കുന്നതിന് നീതീകരണമില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.