- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്നു ശേഖരിക്കണം; സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസർക്കാർ; കേരളത്തിൽ ജാതി സർവേ നടത്തില്ലെന്ന് സൂചനയുമായി സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി
ന്യൂഡൽഹി: കേരളത്തിൽ സംസ്ഥാന സർക്കാർ ജാതി സെൻസസിന് ഒരിക്കലമല്ലെന്ന് സൂചന. സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്നു ശേഖരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നു കേരള സർക്കാർ വ്യക്തമാക്കിയതോടെയാണ് സംസ്ഥാനം ജാതി സെൻസസിനെ അനുകൂലിക്കില്ലെന്ന സൂചന പുറത്തുവന്നത്. സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്നു ശേഖരിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
പ്രത്യേക ജാതി സർവേ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സൂചനയോടെയാണിത്. സംസ്ഥാനം കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സാമൂഹിക, സാമൂഹിക പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ കേരളം കൈമാറിയ റിപ്പോർട്ട് പര്യാപ്തമല്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു സത്യവാങ്മൂലത്തിൽ അറിയിച്ചു. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ കോടതി അലക്ഷ്യഹർജിയിലാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
കേന്ദ്രം കൃത്യമായ ഡേറ്റ കൈമാറാത്തതു കോടതി നിർദ്ദേശം നടപ്പാക്കുന്നതിനെ ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിന്റെ സത്യവാങ്മൂലം. അനർഹരെ ഒഴിവാക്കി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാൻ സുപ്രീം കോടതി മതിയായ സമയം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാനു വേണ്ടി അഭിഭാഷകനായ ഹാരീസ് ബീരാനാണു കോടതിലക്ഷ്യ ഹർജി നൽകിയത്.
2011ൽ സെൻസസിന്റെ ഭാഗമായി കേന്ദ്രം ഡേറ്റ ശേഖരിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് പിന്നീടു പ്രസിദ്ധീകരിച്ചില്ല. പിന്നീട്, സെൻസസ് വകുപ്പ് ഗ്രാമവികസന വകുപ്പ് വഴിയും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, ഇവ സംസ്ഥാന സർക്കാരിനു കൈമാറിയിരുന്നില്ല. സംവരണ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്ക് കേരളത്തിലെ സാമൂഹികസാമ്പത്തികവിദ്യാഭ്യാസ വിവരങ്ങൾ പ്രധാനമാണ്. കേന്ദ്രം വിവരങ്ങൾ ശേഖരിച്ചതു കൂടി പരിഗണിച്ച് ഇതു അവരിൽ നിന്ന് ശേഖരിക്കാമെന്ന അഭിപ്രായമാണ് സംസ്ഥാനത്തിന്.
കോവിഡ്, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവയെ തുടർന്ന് ഉത്തരവു നടപ്പാക്കുന്നതിനു സുപ്രീം കോടതി സമയം നീട്ടി നൽകിയെങ്കിലും മതിയായ ഡേറ്റ കേന്ദ്രം കൈമാറിയിരുന്നില്ല. തുടർന്ന്, റിപ്പോർട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2022 നവംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തു നൽകി. കേന്ദ്രം നൽകിയ റിപ്പോർട്ട് കേരള സംസ്ഥാന പിന്നാക്ക കമ്മിഷൻ ചെയർമാനു 2023 മെയ് മാസത്തിൽ കൈമാറി. എന്നാൽ, പര്യാപ്തമായ വിവരങ്ങൾ ഇതിലുണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവോ സുപ്രീം കോടതിയുടെ നിർദ്ദേശമോ ലംഘിക്കാൻ മനഃപൂർവമായ നടപടിയുണ്ടായിട്ടില്ല. കോടതിയലക്ഷ്യ ഹർജിയോ പുനഃപരിശോധന ഹർജിയോ നിലനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ ഇവ പരിഗണനാഘട്ടത്തിൽ തന്നെ തള്ളിക്കളയണം.കേരളം ആവശ്യപ്പെട്ടു.
മുസ്‌ലിംകൾ, പട്ടികജാതി, പട്ടിക വർഗം, മറ്റ് 70 പിന്നാക്ക സമുദായങ്ങൾ എന്നിവർക്കു സർക്കാർ ജോലിയിൽ ഭരണഘടന നൽകിയിട്ടുള്ള സംവരണത്തിനുള്ള അവകാശം പിന്നാക്കപട്ടികയിൽ ഇപ്പോഴും തുടരുന്ന മുന്നാക്കക്കാർ തട്ടിയെടുക്കുന്നു എന്നാണ് ആക്ഷേപം. നിശ്ചിത ഇടവേളകളിൽ സംവരണ പട്ടിക അവലോകനം ചെയ്തു പുതുക്കൽ വരുത്തണമെന്ന ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. പട്ടിക പുതുക്കാതിരിക്കുന്നത് ഈ വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണു ഹർജി. ആഭ്യന്തര സെക്രട്ടറി, കേരള ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി.
നേരത്തെ ജാതി സെൻസസ് നീക്കത്തിനെതിരെ നായർ സർവീസ് സൊസൈറ്റി അടക്കം രംഗത്തുവന്നിരുന്നു. ജാതി സെൻസസിൽ നിന്ന് സംസ്ഥാനങ്ങൾ പിന്മാറണമെന്ന് പെരുന്നയിൽ നടക്കുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും എന്നും പ്രമേയം പറയുന്നു.
വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സെൻസസ് എന്നാണ് എൻഎസ്എസിന്റെ ആരോപണം. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതൽ മോശമാകാൻ ജാതി സെൻസസും ജാതി സംവരണവും കാരണമാകുമെന്നും എൻഎസ്എസ് പ്രമേയം പറയുന്നു. ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ജാതിസെൻസസിനായി ശക്തമായി വാദിക്കുന്നുണ്ട്. എന്നാൽ ബിജെപി ജാതി സെൻസസിന് എതിരാണ്. അതിനിടെയാണ് ജാതി സെൻസസിനെതിരായ നിലപാട് ആവർത്തിച്ച് എൻഎസ്എസ് രംഗത്തെത്തിയത്.
മറുനാടന് ഡെസ്ക്