കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ ആരോഗ്യ കാരണങ്ങൾ കാട്ടി ജാമ്യത്തിനായി വാദിച്ചെങ്കിലും, എം ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നൽകരുതെന്ന എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി അംഗീകരിച്ചു. ഒൻപതു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ശിവശങ്കർ റിമാൻഡിൽ തുടരുകയാണ്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇഡി, ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
ന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം.

നാലര കോടി രൂപയുടെ കോഴ ഇടപാടാണ് യുണിടാകുമായി ബന്ധപ്പെട്ട കരാറിൽ ഉണ്ടായിരിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. ഒരു കോടി രൂപ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ശിവശങ്കറിന് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു ഇ.ഡി.യുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.