കൊൽക്കത്ത: സന്ദേശ്ഖലിയിലെ ഭൂമി കൈയേറ്റ- ലൈംഗികാതിക്രമ കേസുകളിൽ സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജനുവരി അഞ്ചിന് എൻഫോഴ്സ്മെന്റിന് നേരെയുണ്ടായ ആക്രമണം നിലവിൽ സിബിഐ. അന്വേഷിക്കുന്നുണ്ട്.

സന്ദേശ്ഖലിയിലെ പ്രശ്നങ്ങളുടെ സങ്കീർണ്ണത പക്ഷപാതരഹിതമായ ആന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ ഏജൻസിക്ക് സംസ്ഥാന സർക്കാർ ആവശ്യമായ പിന്തുണ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സന്ദേശ്ഖലിയിലെ വിഷയങ്ങളിൽ പുറത്തുനിന്നുള്ള ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികൾ കൽക്കത്ത ഹൈക്കോടതിക്ക് മുമ്പാകെ വന്നിരുന്നു. ഒരു സത്യവാങ്മൂലമെങ്കിലും ശരിയാണെങ്കിൽ, ഒരുശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ, സന്ദേശ്ഖലിയെക്കുറിച്ചുയരുന്ന ആരോപണങ്ങൾ അപമാനകരമാണെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ സിബിഐക്ക് വിടണമെന്ന ആവശ്യം ഉയർന്നപ്പോൾ അതിനെ എതിർക്കുകയായിരുന്നു ബംഗാൾ സർക്കാർ ചെയ്തത്. സിബിഐ അന്വേഷണത്തിൽ കാര്യമില്ലെന്ന നിലപാടിലായിരുന്നു ബംഗാൾ സർക്കാർ ഉറച്ച് നിന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ് ബംഗാൾ സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.

പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള സംഘർഷങ്ങളാണ് സന്ദേശ്ഖലിയിൽ പൊട്ടിപ്പുറപ്പെട്ടത്. ഇ.ഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തു. സന്ദേശ്ഖലിയായിൽ സ്ത്രീകളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതിനും ഭൂമി തട്ടിയെടുക്കലിനുമായി നിരവധി പരാതികൾ ഷാജഹാൻ ശൈഖിനും കൂട്ടാളികൾക്കെതിരെയും ഉണ്ട്.

ഇ.ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.