ന്യൂഡൽഹി: രാജ്യത്ത് വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയാടൽ ആയി ചിത്രീകരിക്കുന്നുവെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് ക്രൈസ്തവ ആക്രമണങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടൻ നായരാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാസ്വാതന്ത്ര്യം തടയുന്നവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാനരഹിതം ആണെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഫയൽ ചെയ്ത 217 പേജ് ദൈർഘ്യമുള്ള സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തുവന്നു. ബിഹാർ, ഹരിയാണ, ഛത്തീസ്‌ഗഢ്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരെ ഉണ്ടായ 495 അക്രമണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകാനും കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ 263 സംഭവങ്ങളിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരുകൾ അറിയിച്ചതായി കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ ഈ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങളിൽ 232 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 334 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളിൽ പലതും വർഗീയമായ ആക്രമണമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.

232 സംഭവങ്ങളിൽ സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ 73 സംഭവങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിൽ പരിഹാരം ആയി. വസ്തു തർക്കം, കുടുംബ തർക്കം, കോവിഡ് മാർഗ്ഗരേഖ ലംഘിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് തർക്കപരിഹാരം ഉണ്ടായത്. ബാക്കിയുള്ള 155 കേസുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുക ആണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 64 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.