ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ ജഡ്ജിക്ക് നേരേ കയർത്ത അഭിഭാഷകന് എതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തത് വാർത്തയായിരുന്നു. സുപ്രീം കോടതിയിലാകട്ടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് നേരേയാണ് മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ശബ്ദം ഉയർത്തിയത്. ഒരു ഹർജി ലിസ്റ്റ് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം. ഒരു ഘട്ടത്തിൽ ചീഫ് ജ്സ്റ്റിസ് വികാസ് സിങ്ങിനോട് ക്ഷുഭിതനായി പഞ്ഞു: ' മിണ്ടാതിരിക്കു..ഇപ്പോൾ തന്നെ കോടതി വിട്ടുപോകൂ...നിങ്ങൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല'.

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റാണ് വികാസ് സിങ്. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി കേൾക്കണമെന്നായിരുന്നു അഡ്വ.വികാസ് സിങ്ങിന്റെ ആവശ്യം. കഴിഞ്ഞ ആറുമാസമായി കേസ് ലിസ്റ്റ് ചെയ്യാൻ അഭിഭാഷകർ കഷ്ടപ്പെടുകയാണെന്നും വികാസ് സിങ് പറഞ്ഞു.

ചീഫ് ജസ്റ്റിസ്: ' നിങ്ങൾക്ക് ഈ വിധത്തിൽ ഭൂമി ആവശ്യപ്പെടാനാകില്ല. ഞങ്ങൾ ഒരുദിവസം വെറുതെയിരിക്കുന്നത് നിങ്ങൾക്ക് പറയാനാവുമോ? ചീഫ് ജസ്റ്റിസ് ചോദിച്ചു.

വികാസ് സിങ്: 'അങ്ങ് ദിവസം മുഴുവൻ വെറുതെയിരിക്കുകയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. വിഷയം ലിസ്റ്റ് ചെയ്യാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികൾക്ക് മുന്നിൽ ധർണ്ണ ഇരിക്കും'.

ചീഫ് ജസ്റ്റിസ്: 'ചീഫ് ജസ്റ്റിസിനോട് ഭീഷണി വേണ്ട. ഇങ്ങനെയാണോ പെരുമാറേണ്ടത്? ഞാനാണ് ചീഫ് ജസ്റ്റിസ്. 2000 മാർച്ച് 29 മുതൽ ഞാൻ ഇവിടെയുണ്ട്. 22 വർഷമായി ഈ പ്രൊഫഷണിലുണ്ട്. ബാറിലെ ഒരു അംഗമോ, ഹർജിക്കാരനോ, മറ്റാരെങ്കിലുമോ എന്നെ വിരട്ടാൻ ഞാൻ ഇതുവരെ അനുവദിച്ചിട്ടില്ല. എന്റെ കരിയറിന്റെ അവസാന രണ്ടുവർഷവും അത് ഞാൻ സമ്മതിക്കില്ല'

ഒരു സാധാരണ വ്യവഹാരക്കാരനെ പോല നിങ്ങളെയും പരിഗണിക്കും. ആവശ്യമില്ലാത്തത് ഒന്നും എന്നെ കൊണ്ട് ചെയ്യിക്കരുത്.

വാക്കുതർക്കത്തിനിടെ, അഭിഭാഷകനോട് ശബ്ദം ഉയർത്തി സംസാരിക്കരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ' ദയവായി നിങ്ങൾ ശബ്ദം ഉയർത്തരുത്. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ പെരുമാറേണ്ടത് ഇങ്ങനെയല്ല, സുപ്രീം കോടതിക്ക് അനുവദിച്ച ഭൂമി ബാർ അസോസിയേഷന് അനുവദിക്കണമെന്നാണ് ആവശ്യം. ഞാൻ എന്റെ തീരുമാനം എടുത്തുകഴിഞ്ഞു. ഹർജി 17ന് കേൾക്കുമെങ്കിലും ഒന്നാമത്തെ കേസായിരിക്കില്ല', ചീഫ് ജസ്റ്റിസ് പറഞ്ഞു.

പിന്നീട് ബാർ അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ കപിൽ സിബലും, എൻ കെ കൗളും ചീഫ് ജസ്റ്റിസിനോട് മാപ്പുപറഞ്ഞു.