- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി കത്തെഴുതിയ ആര്യ രാജേന്ദ്രൻ കാട്ടിയത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും; അന്വേഷണത്തിന് ഉത്തരവിടണമെന്നും മേയറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; അന്വേഷണം തേടി ഹൈക്കോടതിയിലും സമാന ഹർജി
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ആരോഗ്യവിഭാഗം തസ്തികകളിലെ താൽക്കാലിക നിയമനങ്ങളിൽ ജില്ല സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യ രാജേന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ മുമ്പാകെ പരാതി. മേയറുടെ വിവാദ കത്ത് തെളിവായി സ്വീകരിച്ച് കൊണ്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം. അതിനൊപ്പം ആര്യ രാജേന്ദ്രൻ മേയറായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ താൽക്കാലിക നിയമനങ്ങളെ കുറിച്ചും അന്വേഷണത്തിന് ഉത്തരവിടണം. തിരുവനന്തപുരം പാലോട് സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനുമായ സുധീർഷായാണ് ഓംബുഡ്സ്മാൻ മുമ്പാകെ പരാതി നൽകിയത്.
നൂറുകണക്കിന് അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർ ജോലിക്കായി അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ, താൻ ഉൾപ്പെടുന്ന പാർട്ടിയായ സിപിഎമ്മിലെ അംഗങ്ങളുടെ
പട്ടിക തേടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയ മേയർ കടുത്ത സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും കാട്ടിയിരിക്കുകയാണ്. ജില്ലാ സെക്രട്ടറി ഇത്തരത്തിൽ പട്ടിക നൽകാൻ യാതൊരു അധികാരവുമുള്ള നിയമനാധികാരിയല്ല.
അഴിമതിയാണ് ആര്യ രാജേന്ദ്രൻ ലക്ഷ്യമിട്ടത്. ഇതുവഴി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ പഞ്ചായത്തീ രാജ് നിയമത്തിലെ 27(1) വകുപ്പിൽ പറയുന്ന അഴിമതി കുറ്റം ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ, തൽസ്ഥാനത്ത് ഇരിക്കാൻ അർഹയല്ലെന്നും അവരെ നീക്കം ചെയ്യണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ മുമ്പാകെയുള്ള ഹർജിയിൽ പറയുന്നു. പുറത്ത് പ്രചരിച്ച കത്ത് വ്യാജമെങ്കിൽ, അതിന്റെ ആധികാരികത ചോദ്യം ചെയ്ത് മേയർ പൊലീസിൽ ഇതുവരെ പരാതി നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു. ആര്യ രാജേന്ദ്രന്റെ പ്രവൃത്തി തന്റെ പാർട്ടിക്കാർക്ക് അനർഹമായ നേട്ടമുണ്ടാക്കുന്നതും, സാധാരണ യുവാക്കൾക്ക് അവസരം നിഷേധിക്കുന്നതുമാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഹർജിയിൽ ആരോപിച്ചു.
അതിനിടെ, കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിയമനത്തിന് പാർട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയർ, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായി ഹർജിക്കാരൻ ആരോപിച്ചു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
കരാർ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.
നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ലെന്ന് മേയർ ആവർത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റർപാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ