ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി.

2018 -19 സാമ്പത്തികവർഷത്തെ നികുതി കോൺഗ്രസ് നൽകിയില്ലെന്നു കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. എംപിമാർ നൽകിയ സംഭാവനയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

കോൺഗ്രസ് 250 കോടി രൂപയോളം നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. പാർട്ടിക്ക് കിട്ടിയ 199 കോടി രൂപ സംഭാവനയിൽ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തിയിരുന്നു. കോൺഗ്രസിന്റെ 2014 മുതൽ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്നാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ ഇൻകം ടാക്‌സ് വിഭാഗം അറിയിച്ചത്.

കോൺഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിപ്പ് കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി തകർക്കാൻ നരേന്ദ്ര മോദി ഗൂഢനീക്കം നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. അക്കൗണ്ടുകൾ മരവിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൽകാൻ പോലും പണം പാർട്ടിയുടെ കൈയിലില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.


രാഷ്രീയ പാർട്ടികൾ ആദായ നികുതി നൽകേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാർട്ടിയും നികുതി നൽകുന്നില്ലെന്നും, കോൺഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കൾ ആരോപിച്ചിരുന്നു. രാഷ്രീയ പാർട്ടികൾ ആദായ നികുതി നൽകേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാർട്ടിയും നികുതി നൽകുന്നില്ലെന്നും, കോൺഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു നേതാക്കളുടെ വാദം.