- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടമ വന്നു നോക്കിയപ്പോൾ വളഞ്ഞു പുളഞ്ഞ വാതിലും ജനലുകളും
പത്തനംതിട്ട: വീടിന്റെ തടിപ്പണിയിൽ വീഴ്ച വരുത്തിയ മരപ്പണി കരാറുകാരൻ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. റാന്നി ഉന്നക്കാവ് തുലാമണ്ണിൽ ജോബിൻ ജോസിന്റെ പരാതിയിൽ കോട്ടയം കടയനിക്കാട് പുതുപറമ്പിൽ വീട്ടിൽ പി.എസ്. ജയനെതിരേയാണ് കമ്മിഷന്റെ വിധി. 2021 ൽ ജോബിൻ ജോസ് കോയിപ്രത്ത് നിർമ്മിക്കുന്ന വീടിന്റെ മരപ്പണി ജയനെ ഏൽപ്പിച്ചിരുന്നു.
ഈ സമയം സ്ഥലത്തില്ലാതിരുന്ന ജോബിൻ പണിയേണ്ട രീതി ജയനെ പറഞ്ഞു മനസിലാക്കി 1.52 ലക്ഷം രൂപയും കൊടുത്തിരുന്നു. തേക്കും പ്ലാവും ഉപയോഗിച്ച് കതകും ജനലും പണിയണമെന്നായിരുന്നു വ്യവസ്ഥ. ജോബിൻ ഗൃഹപ്രവേശത്തിന് നാട്ടിലെത്തിയപ്പോൾ വളഞ്ഞു പോയ കതകുകളും ജനാലകളുമാണ് കണ്ടത്. ചിലതനൊക്കെ വിടവുകൾ വീണ് ഉപയോഗിക്കാൻ കഴിയാത്തതു പോലെ ആയിരുന്നു.
മൂപ്പെത്താത്ത തടി കൊണ്ട് നിർമ്മിച്ചതാണ് ഇതിന് കാരണമെന്ന് ജോബിന് മനസിലായി. തുടർന്ന് പുതിയ ജനാലകളും കതകുകളും പണിതതിന് ശേഷമാണ് ഗൃഹപ്രവേശം നടത്താനായത്. ജയൻ നേരത്തേ കൈപ്പറ്റിയിരുന്ന 1.52 ലക്ഷം രൂപ ജോബിന് തിരികെ നൽകാമെന്ന് സമ്മതിച്ചിരുന്നു. അത് ലഭിക്കാതെ വന്നപ്പോഴാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ അന്യായം ഫയൽ ചെയ്തത്. ഇരുകൂട്ടരും അവരുടെ തെളിവുകൾ കമ്മിഷനിൽ ഹാജരാക്കി.
പണം മുൻകൂർ വാങ്ങിയിട്ടും മോശപ്പെട്ട തടികൾ ഉപയോഗിച്ചതു കൊണ്ടാണ് കതകുകളും ജനാലകളും ഉപയോഗ ശൂന്യമായതെന്ന് കമ്മിഷൻ വിലയിരുത്തി. അഡ്വാൻസ് വാങ്ങിയ 1.52 ലക്ഷം രൂപയ്ക്ക് പുറമേ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും പതിനായിരം രൂപ കോടതി ചെലവും ചേർത്ത് 2.62 ലക്ഷം രൂപ ജോബിന് നൽകാൻ കമ്മിഷൻ ഉത്തരവിടുകയായിരുന്നു. പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പറഞ്ഞത്.