ഡൽഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിരീക്ഷണം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വിസ്സമ്മതിച്ചു.

മതപരിവർത്തനത്തിന് അറുപത് ദിവസം മുൻപ് നോട്ടീസ് നൽകാത്തവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ തടഞ്ഞ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു.

ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. മതപരിവർത്തനത്തിനോ വിവാഹത്തിനോ വിലക്കില്ലെന്നും എന്നാൽ ജില്ലാ മജിസ്ട്രേറ്റിനെ ഇക്കാര്യം 60 ദിവസം മുൻപ് അറിയിക്കണമെന്നു മാത്രമേയുള്ളൂവെന്നും തുഷാർ മേത്ത വാദിച്ചു. എന്നാൽ എല്ലാ മതപരിവർത്തനങ്ങളെയും നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ കേസിലെ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് കേസിൽ വിശദമായി വാദംകേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. മതംമാറുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്മൂലം നൽകണമെന്ന നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്നവർക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.

മധ്യപ്രദേശ് ഹൈക്കോടതിയുടെ 2022 നവംബറിലെ ഉത്തരവിനെതിരെയാണ് മധ്യപ്രദേശ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന്റെ (എംപി.എഫ്.ആർ.എ) സെക്ഷൻ 10 ലംഘിക്കുകയും ചെയ്താൽ അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിലക്കിയിരുന്നു.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ സുജോയ് പോൾ, പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് എംപി.എഫ്.ആർ.എയുടെ 10-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മതം മാറാൻ പോകുന്ന വ്യക്തികളും മതപരിവർത്തനത്തിന് കാർമികത്വം വഹിക്കുന്നവരും 60 ദിവസം മുമ്പ് ജില്ലാ കലക്ടറെ അറിയിക്കണമെന്നായിരുന്നു മധ്യപ്രദേശിൽ 2021ൽ പാസ്സാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ. മതംമാറ്റം പ്രലോഭനത്താലോ ഭീഷണിയാലോ അല്ലെന്ന സത്യവാങ്മൂലമാണ് നൽകേണ്ടിയിരുന്നത്.

'മതപരിവർത്തനം ആഗ്രഹിക്കുന്ന ഒരു പൗരൻ ജില്ലാ കലക്ടറെ ഇക്കാര്യം നിർബന്ധമായും അറിയിക്കണമെന്ന് 2021ലെ നിയമത്തിലെ സെക്ഷൻ 10ൽ പറയുന്നു. അത് ഞങ്ങളുടെ അഭിപ്രായത്തിൽ ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ പ്രായപൂർത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അവരെ പ്രോസിക്യൂട്ട് ചെയ്യരുത്. കൂടാതെ സെക്ഷൻ 10ന്റെ ലംഘനത്തിന് നിർബന്ധിത നടപടി സ്വീകരിക്കരുത്' എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.