കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പൊലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്റ് ചെയ്ത നടപടിക്ക് സ്റ്റേ. ക്‌നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ് ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്. 25 ന് വിശദമായ വാദം കേൾക്കുന്നത് വരെ തത് സ്ഥിതി തുടരാനും നിർദേശമുണ്ട്.

ഇതിനിടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് ശനിയാഴ്ച മെത്രാൻ അനുകൂലികൾ രംഗത്ത് വന്നിരുന്നു. സസ്പെൻഡ് ചെയ്ത ഉത്തരവും പാത്രിയാർക്കീസ് ബാവയുടെ ചിത്രവും കത്തിക്കുകയും ചെയ്തിരുന്നു. സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാവക്ക് കത്ത് നൽകിയിരുന്നുവെന്നും എന്നാൽ നടപടി പിൻവലിച്ചില്ലെന്നും മെത്രാൻ അനുകൂലികൾ പറഞ്ഞു. സസ്പെൻഷൻ നടപടി അംഗീകരിക്കില്ല. ബാവയുടെ നടപടിയെ ക്നാനായ സമുദായം പുച്ഛിച്ചു തള്ളുന്നുവെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

പാത്രിയാർക്കീസ് ബാവയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. 21 ന് അസോസിയേഷൻ യോഗം ചേരും. സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് അന്ത്യോക്യാ പാത്രിയാക്കീസ് ബന്ധത്തിന്റെ പതാക അഴിച്ചുമാറ്റി. പകരം ക്നാനായ സമുദായ പതാക ഉയർത്തുകയും ചെയ്തു.
അമേരിക്കയിൽ ക്‌നാനായ വിഭാഗത്തിന്റെ പള്ളികളിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർത്ഥന നടത്തി, ഓർത്തഡോക്‌സ് സഭാ അധ്യക്ഷനടക്കം ക്‌നാനായ യാക്കോബായ സമുദായംഗങ്ങൾ സ്വീകരണം നൽകി തുടങ്ങിയ കാരണങ്ങളാണ് സസ്‌പെൻഷനിലേക്ക് നയിച്ചത്. ഏറെക്കാലമായി കുര്യാക്കോസ് മാർ സേവേറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുമായി അടുക്കുന്നുവെന്ന തോന്നൽ അന്ത്യോക്യയിൽ ശക്തമാണ്.

ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ നേരത്തെ ആർച്ച് ബിഷപ് പദവിയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ബിഷപ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം കേട്ടിരുന്നു. ഇത് തള്ളിയാണ് വെള്ളിയാഴ്ച സസ്‌പെൻഷൻ പുറപ്പെടുവിച്ചത്. അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ ആരോപിക്കുന്നത്.

ഒരു മെത്രാപ്പൊലീത്ത എന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നീക്കുകയും സസ്‌പെൻഷൻ കാലയളവിൽ പൗരോഹിത്യ പ്രവർത്തനങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും വിലക്കുകയും ചെയ്തു.