കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയക്കെതിരെ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. എന്നാൽ ഷാജൻ സ്‌കറിയ യാതൊരുവിധ ജാതി അധിക്ഷേപവും നടത്തിയിരുന്നില്ല എന്ന കാര്യമാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. എംഎൽഎക്കെതിരെ രാഷ്ട്രീയ വിമർശനം നടത്തിയതിന്റെ പേരിൽ പട്ടികജാതി അതിക്രമം തടയൽ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നാണ് ഷാജന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ഈ വകുപ്പു നിലനിൽക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

മറുനാടൻ എഡിറ്റർക്ക് വേണ്ടി അഡ്വ. തോമസ് ആനക്കല്ലുങ്കൽ ഹാജരായി. ഷാജൻ സ്‌കറിയയുടെ ജാമ്യഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയ പശ്ചാത്തലത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് മറുനാടൻ മാനേജ്‌മെന്റ് തീരുമാനം. ഹൈക്കോടതിയിൽ ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന  അഭിഭാഷകനായ അഡ്വ. വിജയഭാനുവും ഒപ്പം അഡ്വ. തോമസ് ആനക്കല്ലുങ്കലും ഹാജരാകും.