തിരുവനന്തപുരം: ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കർ എഎൻ ഷംസീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എൻഎസ്എസ് നൽകിയ ഹർജിയിന്മേലാണ് നടപടി കൈക്കൊണ്ടത്.

നാലാഴ്ചത്തേക്കാണ് ഹൈക്കോടതി കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാണ് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിലെ ആവശ്യം. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി എത്തിയത്.

നാമജപ യാത്ര ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചെന്ന പേരിലാണ്, പങ്കെടുത്തവരെ പ്രതിയാക്കി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. നിയമവിരുദ്ധമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പൊലീസിന്റെ നിർദ്ദേശം പാലിക്കാതിരിക്കൽ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പാളയം ഗണപതി ക്ഷേത്രത്തിൽ നിന്ന് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ സമാപിച്ചിരുന്നു.

ഇപ്പോഴത്തെ വിഷയത്തിൽ സി പി എമ്മും ഷംസീറും മാപ്പ് പറയണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടിരുന്നു. സർക്കാർ നടപടി എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ രണ്ടാംഘട്ട സമരങ്ങൾ നടത്തുമെന്ന് ജില്ലയിലെ എൻഎസ്എസ് നേതാക്കൾ അറിയിച്ചു. മറ്റ് ഹൈന്ദവ സംഘടനകളെ കൂട്ടിയുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എൻഎസ്എസ് അറിയിച്ചു.