- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമത സ്വരം ഉയർത്തുന്നവരെ മതത്തിൽ നിന്ന് വിലക്കൽ; ദാവൂദി ബോറക്കാരുടെ ഹർജി ശബരിമല വിശാല ബെഞ്ചിലേക്ക് റഫർ ചെയ്തു; കേസ് മാറ്റിയത് മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം പരിഗണിച്ച്
ന്യൂഡൽഹി: വിമത സ്വരം ഉയർത്തുന്നവരെ മതത്തിൽ നിന്ന് വിലക്കുന്നതിന് ദാവൂദി ബോറ വിഭാഗത്തിനുള്ള അവകാശം സംബന്ധിച്ച ഹർജി വിശാല ബെഞ്ചിലേക്ക് സുപ്രീം കോടതി റഫർ ചെയ്തു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ദാവൂദി ബോറ വിഭാഗത്തിന്റെ സെൻട്രൽ ബോർഡുൾപ്പടെ നൽകിയ ഹർജികൾ ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഹർജികൾ ഇനി ശബരിമല വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ച് കേൾക്കും.
മുസ്ലിം ഷിയാ വിഭാഗത്തിൽപ്പെട്ടവരാണ് ദാവൂദി ബോറ സമുദായത്തിലെ അംഗങ്ങൾ. നേതൃത്വത്തെ ചോദ്യം ചെയ്യുകയും, വിമത സ്വരം ഉയർത്തുകയും ചെയ്യുന്ന സമുദായത്തിലെ അംഗങ്ങൾക്ക് വിലക്കു കൽപ്പിക്കാനുള്ള അധികാരം മതമേലധ്യക്ഷന് ഉണ്ട്. 1949 ലെ ബോംബെ ഭ്രഷ്ട് കൽപ്പിക്കൽ തടയൽ നിയമപ്രകാരം മതത്തിൽ നിന്ന് ഒരാളെ വിലക്കാനുള്ള അധികാരം ദാവൂദി ബോറകളുടെ മതമേലധ്യക്ഷന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഭ്രഷ്ടു കൽപ്പിക്കുന്നതിന് ദാവൂദി ബോറ വിഭാഗത്തിന് അധികാരം ഉണ്ടെന്ന് 1962 ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.
2016 ൽ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന സാമൂഹിക ബഹിഷ്‌കരണം തടയൽ നിയമം കാരണം ഈ അധികാരം വീണ്ടും ബോറ വിഭാഗത്തിന് നഷ്ടമായിരുന്നു. ഇതിന് എതിരെ ദാവൂദി ബോറ വിഭാഗത്തിന്റെ സെൻട്രൽ ബോർഡ് ഉൾപ്പടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ ഇരുപത്തി അഞ്ച്, ഇരുപത്തിയാറ് അനുച്ഛേദ പ്രകാരം മതത്തിൽ നിന്ന് വ്യക്തികളെ പുറത്താക്കാൻ അധികാരം ഉണ്ടെന്നാണ് ദാവൂദി ബോറ വിഭാഗക്കാരുടെ വാദം. എന്നാൽ 2016 ലെ നിയമ പ്രകാരം വിലക്ക് കോടതികളിൽ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്നാണ് എതിർ വിഭാഗത്തിന്റെ വാദം.
ദാവൂദി വിഭാഗത്തിലെ വിലക്കിനുള്ള അധികാരം ശരിവച്ച 1964 ലെ വിധി അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റേത് ആണെന്നും, അതിനാൽ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന് വിട്ടത്.