ന്യൂഡൽഹി: ഡൽഹി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയുമായി ഉണ്ടായ തർക്കത്തിൽ സുപ്രീം കോടതിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് അനുവദിക്കണമെന്ന ബിജെപി ആവശ്യം കോടതി തള്ളി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കി.

24 മണിക്കൂറിനകം മേയറെ തെരഞ്ഞെടുക്കാനുള്ള പുതിയ തീയതി തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു.ആദ്യ യോഗത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്നും രണ്ടാമത്തെ യോഗത്തിൽ മേയർ വരണാധികാരിയാകണമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ പുതിയ മേയറുടെ തെരഞ്ഞെടുപ്പ് ബിജെപി-ആം ആദ്മി തർക്കത്തെ തുടർന്ന് മൂന്നു തവണയാണ് മാറ്റിവെച്ചത്. ലഫ്റ്റനന്റ് ഗവർണർ നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

ജനുവരി ആറിന് തെരഞ്ഞെടുപ്പിൽ ജയിച്ച കൗൺസിലർമാരുടെ സത്യപ്രതിജ്ഞക്ക് മുമ്പെ ലഫ്റ്റനന്റ് ഗവർണർ തലേന്ന് നാമനിർദ്ദേശം ചെയ്ത ബിജെപിക്കാരായ കൗൺസിലർമാരെ സത്യപ്രതിജ്ഞക്ക് വിളിച്ചതോടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇരുപക്ഷത്തെ നിരവധി അംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ, സത്യപ്രതിജ്ഞക്ക് ഏറ്റവും മുതിർന്ന കൗൺസിലറെ താൽകാലിക സ്പീക്കറാക്കുക എന്ന കീഴ് വഴക്കം തെറ്റിച്ച് ബിജെപി കൗൺസിലറെ ലഫ്റ്റനന്റ് ഗവർണർ ആ സ്ഥാനത്ത് നിയോഗിച്ചതും പ്രശ്‌നങ്ങൾക്ക് കാരണമായി.

മുൻസിപ്പൽ കോർപറേഷൻ ആക്ട് പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് കൗൺസിൽ യോഗങ്ങളിൽ വോട്ടധികാരമില്ല. എന്നാൽ, വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ബഹളം വെച്ചു. തുടർച്ചയായി മേയർ തെരഞ്ഞെടുപ്പ് ബിജെപി തടസപ്പെടുത്തുന്ന സാഹചര്യത്തിൽ എ.എ.പി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബിജെപിയെ സഹായിക്കുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നാണ് എ.എ.പിയുടെ ആവശ്യം.

250 വാർഡുകളിലേക്ക് നടന്ന ഡൽഹി മുനിസിപ്പൽ കൗൺസിലിൽ 134 സീറ്റുകളിൽ ജയിച്ചാണ് എ.എ.പി ഭരണം പിടിച്ചത്. ബിജെപിക്ക് 104 കൗൺസിലർമാരാണുള്ളത്. എ.എ.പി ജയിച്ചാലും തങ്ങൾ മേയർസ്ഥാനം പിടിച്ചെടുക്കുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പിന്നീട് പറഞ്ഞ ബിജെപി അവസാന മണിക്കൂറിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാർക്ക് പുറമെ നാമനിർദ്ദേശം ചെയ്യപ്പെട്ട കൗൺസിലർമാർക്കും ഡൽഹിയിലെ ഏഴ് ബിജെപി ലോക്‌സഭ എംപിമാർക്കും മൂന്ന് എ.എ.പി രാജ്യസഭ എംപിമാർക്കും ഡൽഹി നിയമസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട 14 എംഎ‍ൽഎമാർക്കും മേയർ തെരഞ്ഞെടുപ്പിൽ വോട്ടുണ്ട്. ഒമ്പത് കൗൺസിലർമാരുള്ള കോൺഗ്രസ് മേയർ തെരഞ്ഞെടുപ്പിൽ ഇരുഭാഗത്തും ചേരാതെ വിട്ടുനിൽക്കാനാണ് തീരുമാനം.