ന്യൂഡൽഹി: വിവാദ കശ്മീർ പരാമർശത്തിൽ കോടതിയെ നിലപാട് അറിയിച്ച് ഡൽഹി പൊലീസ്. കെ.ടി.ജലീലിനെതിരെ കേസെടുക്കണമെങ്കിൽ കോടതി ഉത്തരവിടണമെന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ അടുത്ത തിങ്കളാഴ്ച റോസ് അവന്യു കോടതി വാദം കേൾക്കും.


കെ.ടി.ജലീലിനെതിരെ നിലവിൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസട്രേട്ടിന്റെ ഉത്തരവു പ്രകാരം കീഴ്‌വായ്പുർ പൊലീസ് ഒരു എഫ്‌ഐആർ ഇട്ടിട്ടുണ്ട്. ആ കേസിൽ അന്വേഷണം നടക്കുന്നതിനാൽ എന്തിനാണ് ഡൽഹിയിൽ പുതിയ കേസ് എടുക്കുന്നത് എന്നാണ് ഡൽഹി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചോദിച്ചിരിക്കുന്നത്.

എന്നാൽ കോടതി നിർദേശിച്ചാൽ കേസെടുക്കുന്നതിൽ വിമുഖത ഇല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റോസ് അവന്യു കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മേൽ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പരാതിക്കാരൻ അറിയിച്ചു.

കശ്മീർ സന്ദർശനത്തിനിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീർ' എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് 'ഇന്ത്യൻ അധീന കശ്മീർ' എന്നുമായിരുന്നു ജലീൽ എഴുതിയത്. വലിയ വിമർശനം ഉയർന്നതിനെ തുടർന്ന് ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു. കീഴ്‌വായ്പൂർ പൊലീസ് ജലീലിനെതിരെ കേസും എടുത്തിരുന്നു.