ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തിൽ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി. മഞ്ജുവാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ പ്രതിയായ ദിലീപ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24ലേക്കു മാറ്റി. അതേസമയം കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കിയാവും ഇതിൽ തീരുമാനം. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. സാക്ഷിവിസ്താരം പൂർത്തിയാക്കാൻ 30 പ്രവൃത്തി ദിനങ്ങൾ വേണമെന്നു പ്രോസിക്യൂഷൻ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിതയും കോടതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. വിസ്തരിക്കേണ്ടത് ആരോയെക്കെയാണെന്ന് ഹൈക്കോടതിയോ, സുപ്രീംകോടതിയോ അല്ല തീരുമാനിക്കേണ്ടത് എന്ന് ജസ്റ്റിസ് കെ.കെ. മഹേശ്വരി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇതിനിടെ കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി വിചാരണ കോടതിയോട് നിർദേശിച്ചു.

അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് ആണ്, ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. വിചാരണ വൈകുന്നതിന്റെ പേരിൽ വിസ്തരിക്കേണ്ട സാക്ഷികൾ ആരൊക്കെയാണെന്ന് പ്രതികൾ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതിൽ മൂന്നു പേരുടെ വിസ്താരം പൂർത്തിയായതായും പ്രോസിക്യൂഷൻ അറിയിച്ചു. നാലു പേരെയാണ് കേസിൽ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീർക്കാനാവുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്നതെന്നു ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞു. തെളിവുകളുടെ വിടവ് നികത്താനാണ് ഇതെന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചു.

പ്രതികളുടെ അഭിഭാഷകരുടെ ദൈർഘ്യമേറിയ ക്രോസ് വിസ്താരങ്ങൾ ഉണ്ടെങ്കിലും, 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാറും, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, വിചാരണ പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി നിശ്ചയിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

പകരം ഹർജി ഇനി പരിഗണിക്കുന്ന മാർച്ച് 24-ന് വിചാരണ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് കൈമാറാൻ വിചാരണ കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. വിചാരണ പൂർത്തിയാക്കാൻ സഹകരിക്കാമെന്ന് പ്രോസിക്യുഷനും, പ്രതികളും സുപ്രീംകോടതിക്ക് ഉറപ്പ് നൽകി. വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി വേണമെന്നായിരുന്നു വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം.