- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രഡ്ജർ അഴിമതി കേസിൽ ജേക്കബ് തോമസിന് തിരിച്ചടി; അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി; വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ; അഴിമതിയിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം; രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശം
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിനുള്ള നിർദ്ദേശം.
അതേസമയം, അന്വേഷണം പൂർത്തിയാക്കാനാണ് അനുമതിയെന്നും, ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശം നൽകി. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാനാണ് അനുമതിയെന്നും എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സമഗ്രമായ അന്വേഷണം നടക്കാതെ കേസ് റദ്ദാക്കിയ ഹൈക്കോടതി നിലപാടിനോട് യോജിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, സഞ്ജയ് കരോൾ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
അന്വേഷണവുമായി ജേക്കബ് തോമസ് സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇപ്പോൾ പുറപ്പെടുവിക്കുന്നത് ഇടക്കാല റിപ്പോർട്ടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം ജേക്കബ് തോമസിനെ പീഡിപ്പിക്കാനായി ഉപയോഗിക്കുമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ എ. കാർത്തിക് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കോടതി ഇക്കാര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സർക്കാരിന്റെ ഒമ്പത് വകുപ്പുകളിലെ 40 ഓളം പേർ ചേർന്നാണ് ഡ്രഡ്ജർ വാങ്ങാൻ തീരുമാനിച്ചത്. ഇതിൽ മന്ത്രിമാരും ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ, ജേക്കബ് തോമസിനെതിരെ മാത്രമാണ് കേസെന്നും കാർത്തിക് വാദിച്ചു. ഇടപാടിൽ മറ്റുള്ളവരുടെ പങ്കുകൂടി അന്വേഷിക്കാനാണ് തങ്ങൾ നിർദേശിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജേക്കബ് തോമസിനെ കസ്റ്റഡിയിലെടുക്കേണ്ടിവരും. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരേൻ പി റാവലും സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിന് സുപ്രീം കോടതി അനുമതി നൽകിയില്ല.
ഡ്രജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹോളണ്ടിലെ കമ്പനിയിൽ നിന്നു ഡ്രജർ വാങ്ങിയതിന്റെ പല വസ്തുതകളും സർക്കാരിൽ നിന്നു മറച്ചുവച്ചെന്ന് അപ്പീലിൽ ആരോപിക്കുന്നു.
അന്വേഷണം ജേക്കബ് തോമസിനെതിരായ വേട്ടയാടലാകുമെന്ന് ജേക്കബിന്റെ അഭിഭാഷകൻ വാദിച്ചു. നെതർലാൻഡസ് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ഹരിൻ വി റാവൽ, സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.ജേക്കബ് തോമസിനായി അഭിഭാഷകൻ എ.കാർത്തിക്, കേസിലെ മറ്റൊരു ഹർജിക്കാരനായി അഭിഭാഷകൻ കാളിശ്വരം രാജ് എന്നിവർ ഹാജരായി.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് ജേക്കബ് തോമസിനെതിരെ 2019 ൽ ആണ് വിജിലൻസ് കേസ് എടുത്തത്. പിന്നീട് ഹൈക്കോടതി ഇതു റദ്ദാക്കി. സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്‌മെന്റ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഡ്രജർ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു ഇത്. ടെൻഡർ നടപടികളിൽ ജേക്കബ് തോമസിനു ഗുരുതരവീഴ്ച സംഭവിച്ചെന്ന് അപ്പീലിൽ ആരോപണമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ