- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.ഡി നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി ഹൈക്കോടതിയിൽ. ഇ ഡി മുൻപ് ആവശ്യപ്പെടുകയും നൽകിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് കിഫ്ബി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, കിഫ്ബിക്ക് വീണ്ടും സമൻസയച്ചതിൽ ഇ.ഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദേശിച്ചു. നോട്ടീസ് നൽകാൻ ഇ.ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. മസാലബോണ്ട് കേസിൽ നേരത്തെ ആവശ്യപ്പെട്ട രേഖകളാണ് ഇ.ഡി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചത്.
സമൻസിൽ ഇ.ഡി പഴയകാര്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നുവെന്നാണ് ആക്ഷേപം. ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ സമർപ്പിച്ചതാണെന്നും കിഫ്ബി കോടതിയെ അറിയിച്ചു.
എന്നാൽ, നേരത്തെ ആവശ്യപ്പെട്ടതിന്റെ സർട്ടിഫൈഡ് കോപ്പികളാണ് ആവശ്യപ്പെട്ടതെന്ന് ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. സർട്ടിഫൈഡ് കോപ്പി നൽകാൻ ബാധ്യതയുണ്ടെന്ന് കോടതി കിഫ്ബിക്ക് മറുപടി നൽകി. വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി. ഹർജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മസാലബോണ്ട് കേസിൽ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.