- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നോക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; അഞ്ചിൽ മൂന്ന് ജഡ്ജിമാരും സംവരണം ശരിവെച്ചു; സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്നും നിലവിൽ സംവരണം ഉള്ളവരെ ഒഴിവാക്കിയതിൽ തെറ്റില്ലെന്നും വിധി; ഭിന്നവിധി പുറപ്പെടുവിച്ചു ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും; പിന്നോക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് രണ്ട് ജഡ്ജിമാർ
ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് ശരിവെച്ച് സുപ്രീംകോടതി. അഞ്ച് ജഡ്ജിമാരിൽ മൂന്ന് പേർ കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന, 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.
ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ഈ വാദച്ചെ ചീഫ് ജസ്റ്റിസും പിന്തുണച്ചു. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്നും നിലവിൽ സംവരണം ഉള്ളവരെ ഒഴിവാക്കിയതിൽ തെറ്റില്ലെന്നും മറ്റ് മൂന്ന് ജഡ്ജിമാരും വ്യക്തമാക്കിയപ്പോൾ പിന്നോക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് ജസ്റ്റിസ് ഭട്ട് വ്യക്തമാക്കിയത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യതയെ സാമ്പത്തിക സംവരണം ലഘിക്കുന്നില്ലെന്ന്, ചീഫ് ജസ്റ്റിസ് യുയു ലളിതിനൊപ്പം ആദ്യ വിധിന്യായം എഴുതിയ ജസ്റ്റിസ് േേദിനശ് മഹേശ്വരി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരല്ല സാമ്പത്തിക സംവരണമെന്ന് ജസ്റ്റിസ് മഹേശ്വരി വിധിച്ചു. ജസ്റ്റിസ് ബേല ത്രിവേദിയും ജസ്റ്റിസ് ജെബി പർദിവാലയും സാമ്പത്തിക സംവരണം ശരിവച്ചു വിധി പറഞ്ഞു. ഇതോടെ ഭരണഘടനാ ബെഞ്ചിലെ അഞ്ചിൽ മൂന്ന് ജഡ്ജിമാരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു.
തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജികൾ. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികൾ. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലായിരുന്നു ഹരജികൾ വിധി പറയാൻ മാറ്റിയത്.
2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി ചെയതാണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്. സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന് സംവരണം ഏർപ്പെടുത്താൻ സാധിക്കും.
സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിച്ചത് പ്രധാനമായും മൂന്ന് വിഷയങ്ങളാണ്. ഒന്ന്, സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണോ ? 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോ? രണ്ടാമതായി സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ? മൂന്നാമതായി എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സംവരണത്തിന്റെ അടിസ്ഥാന ഘടനയെ ബാധിക്കുന്നതാണോ?
സംവരണത്തിന്റെ പരിധി 50 ശതമാനം കടക്കരുതെന്നാണ് ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുള്ളത്. ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധയ്‌ക്കേണ്ടെന്ന് മറാഠ സംവരണ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. അതേസമയം മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. കൂടാതെ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായി 2.1 ലക്ഷം സീറ്റുകൾ അനുവദിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളുടെ സംവരണത്തെ അതിനാൽ ബാധിക്കില്ല.
പൗരന്മാർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുന്ന 103 ആം ഭരണഘടന ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ശക്തിപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏർപെടുത്തുന്നതിനായി കൊണ്ട് വന്ന 103-ാം ഭരണഘടന ഭേദഗതി റദ്ദാക്കണമെന്ന ആവശ്യം തമിഴ്‌നാട് സർക്കാർ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്‌ഡേയാണ് തമിഴ്‌നാട് സർക്കാരിനുവേണ്ടി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹാജരായത്. 103-ാം ഭരണഘടന ഭേദഗതി സുപ്രീം കോടതി ശരിവച്ചാൽ ഇന്ദിര സാഹ്നി കേസിൽ സംവരണത്തിന് ഏർപ്പെടുത്തിയ പരിധി പുനഃപരിശോധിക്കണമെന്നും തമിഴ് നാട് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണ കേസിൽ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേരളം നിലപാട് വ്യക്തമാക്കിയില്ല. ഏഴ് ദിവസം നീണ്ടുനിന്ന വാദത്തിനിടയിൽ കേരളത്തിന്റെ അഭിഭാഷകർ ആരും കോടതിയിൽ ഈ കേസിനായി ഹാജരായിരുന്നില്ല. ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. എസ്എൻഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകൾ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന് മുന്നാക്ക സമുദായ മുന്നണി ഉൾപ്പെടെ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.