- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു
ന്യൂഡൽഹി: പ്രമേഹ രോഗിയായ അരവിന്ദ് കെജ്രിവാൾ ജയിലിൽ വച്ച് മധുരവും മാമ്പഴവുമെല്ലാം കഴിക്കുന്നുവെന്ന് ഇഡി. ഇതുരണ്ടും പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്തതാണ്. തന്റെ സ്ഥിരം ഡോക്ടറെ വീഡിയോ കോൺഫറൻസ് വഴി കൺസൾട്ട് ചെയ്യാനും, ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാളിന്റെ ഹർജി
ടൈപ്പ് 2 പ്രമേഹ രോഗിയായ കെജ്രിവാളിന് ജയിലിൽ ചികിത്സ കിട്ടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനവും, ശരീര ഭാരം കുറഞ്ഞതും ആശങ്കാജനകമാണെന്ന് എഎപി പരാതിപ്പെട്ടിരുന്നു. എന്നാൽ, ഡൽഹി റൗസ് അവന്യു കോടതിയിൽ നൽകിയ മറുപടിയിൽ ഇഡി കെജ്രിവാളിന്റെ വാദങ്ങളെ ഖണ്ഡിച്ചു.
' ഡയറ്റ് ചാർട്ടിൽ മാമ്പഴവും, മധുരവുമുണ്ട്....ചാർട്ട് കോടതിക്ക് മുമ്പാകെ ഹാജരാക്കുന്നു. പ്രമേഹ രോഗികൾ സാധാരണ കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് പതിവായി കഴിക്കുന്നത്, ഇഡിയുടെ നിയമ ഉപദേഷ്ടാവ് വാദത്തിന് ശേഷം പറഞ്ഞു.
ജാമ്യം ലഭിക്കുന്നതിന് കളമൊരുക്കാനാണ് കെജ്രിവാൾ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ കെജ്രിവാളിന് ജയിലിൽ നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോടതി, ജയിൽ അധികൃതരോട് തേടി. ഹർജി വീണ്ടും നാളെ പരിഗണിക്കും.
മദ്യനയക്കേസിൽ ഇഡി അറസ്റ്റിലായത് മുതൽ തന്നെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ടെന്നത് കെജ്രിവാളും കുടുംബവും ആം ആദ്മി പ്രവർത്തകരുമെല്ലം ഉയർത്തിക്കാട്ടുന്നുണ്ട്. പ്രമേഹം തന്നെയാണ് ഇവർ പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഡോക്ടർ നിർദ്ദേശിച്ച ഡയറ്റ് ചാർട്ട് പ്രകാരമാണ് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതെന്ന് കെജ്രിവാളിന്റെ നിയമസംഘം വാദിച്ചു. വീട്ടിൽ നിന്നുള്ള ഭക്ഷണം നിർത്താനാണ് ഇഡിയുടെ ശ്രമമെന്നും അവർ ആരോപിച്ചു.
തിഹാർ ജയിലിൽ പ്രവേശിപ്പിച്ച ശേഷം കെജ്രിവാളിന് നാലര കിലോ കുറഞ്ഞെന്നാണ് എഎപി പറയുന്നത്. കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടപ്പോൾ പ്രമേഹ രോഗം കണക്കിലെടുത്ത് വീട്ടിൽ തയ്യാറാക്കിയ ഭക്ഷണവും കുപ്പി വെള്ളവും, രക്തത്തിലെ പഞ്ചസാര നില കുറഞ്ഞാൽ കഴിക്കാൻ ടോഫിയും അനുവദിച്ചിരുന്നു.