ന്യൂഡൽഹി: സിറ്റിങ്ങ് എംപിമാരും, മുൻ എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ അന്വേഷണം നടക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. എംപിമാരും മുൻ പാർലമെന്റ് അംഗങ്ങളുമടക്കം 51 പേർ കള്ളപ്പണം വെളുപ്പിക്കൽ കേസ് നേരിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ 51 പേരിൽ എത്ര പേരാണ് സിറ്റിങ് എംപിമാർ, മുൻ എംപിമാർ എന്നത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ 71 നിയമസഭാംഗങ്ങളും (എംഎൽഎ), ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും (എംഎൽസി) പ്രതികളാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിബിഐ, ഇഡി ഉൾപ്പെടെ കേന്ദ്രഏജൻസികളെ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനായി കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന ഹർജിയിൽ അമിക്കസ് ക്യൂറിയായി നിയമിച്ച വിജയ് ഹൻസാരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സിറ്റിങ്ങ് എംപിമാർ, മുൻ എംപിമാർ, എംഎൽഎമാർക്കുമെതിരെ സിബിഐ എടുത്ത 121 കേസുകൾ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സുപ്രീം കോടതിയുടെ തുടർച്ചായ നിർദ്ദേശങ്ങളും നിരന്തരനീരീക്ഷണം ഉണ്ടായിട്ടും എംപിമാർക്കും എംഎൽഎമാർക്കുമെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നതായും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.

എംപിമാർക്കും എംഎൽഎമാർക്കും എതിരെ അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളുടെ വിശദാംശങ്ങളും അവ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനും എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ജനപ്രതിനിധികൾക്കെതിരായ കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്ത വിഷയത്തിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയെ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ബിജെപി നേതാവ് കൂടിയായ ഹർജിക്കാരൻ അശ്വിനി കുമാർ ഉപാധ്യായ ജനപ്രതിനിധികൾക്ക് ആറുവർഷത്തെ അയോഗ്യത കല്പിക്കുന്നത് മതിയായ ശിക്ഷയല്ലെന്നും വാദിച്ചിരുന്നു.

സിബിഐയുടെ കണക്കുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംപിമാരും എംഎൽഎമാരുമായ 121 പേർക്കെതിരെ സിബിഐ കേസുകൾ നിലവിലുണ്ട്. ഇവരിൽ 51 എംപിമാരിൽ 14 പേർ സിറ്റിങ് അംഗങ്ങളാണ്. 112 എംഎൽഎമാർക്കെതിരെയാണ് സിബിഐ കേസുകൾ എടുത്തിട്ടുള്ളത്. ഇവരിൽ 34 പേരാണ് നിലവിലെ എംഎൽഎമാർ. 78 പേർ മുൻ എംഎൽഎമാരാണ്. ഒമ്പത് പേർ മരിച്ചുപോയതായും സിബിഐയുടെ കണക്കുകളിലുണ്ട്. 37 കേസുകളിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.

സിബിഐയെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നത് വർധിച്ചതോടെ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ കേസെടുക്കാനുള്ള പൊതു അനുമതി നിഷേധിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് വഴങ്ങി പലപ്പോഴും കേസ് രജിസ്റ്റർ ചെയ്യുന്നതല്ലാതെ കേന്ദ്ര ഏജൻസികളുടെ എഫ്‌ഐആറുകളിൽ കാര്യമായ അന്വേഷണം നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇഡി കേസുകളിൽ പലതും അഞ്ച് വർഷത്തിലധികം പഴക്കമുള്ളവയാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.