ബെംഗളൂരു: പുൽവാമ ചാവേറാക്രമണം ഫേസ്‌ബുക്കിൽ ആഘോഷിച്ച എൻജിനീയറിങ് വിദ്യാർത്ഥി കുറ്റക്കാരനെന്ന് കോടതി. 23 കാരന് അഞ്ചുവർഷത്തെ തടവും, 25,000 രൂപ പിഴയും ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. പിഴത്തുക അടയ്ക്കാതിരുന്നാൽ, ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ബെംഗളൂരു കച്ചരകാനഹള്ളി സ്വദേശി ഫൈസ് റഷീദിനെയാണ് കുറ്റക്കാരനായി ജഡ്ജി സിഎം ഗംഗാധര വിധിച്ചത്. യുഎപിഎ പ്രകാരമായിരുന്നു കേസ്.

2019 ഫെബ്രുവരി 14 നാണ് ജെയഷെ മൊഹമ്മദ് ഭീകരർ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരേ ഇടിച്ചുകയറ്റിയത്. 40 സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. പുൽവാമ സംഭവത്തിന് മൂന്നു ദിവസത്തിന് ശേഷമാണ് മൂന്നാം വർഷ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്ന റഷീദിനെ ഇയാളുടെ വീടിന് അടുത്ത് നിന്നുള്ള ബേക്കറിയിൽ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയതത്. ഇപ്പോൾ, ഇയാൾ ബെഗംളൂരു സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ഭീകരാക്രമണത്തെ തുടർന്ന് പ്രകോപനപരമായ പോസ്റ്റുകൾ ഇടാൻ വേണ്ടി മാത്രം, റഷീദ് ഒരു ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. നിരവധി പേർ ഈ പോസ്റ്റുകൾക്കെതിരെ ബെംഗളൂരു പൊലീസിന് പരാതി നൽകി. പൊലീസിന്റെ നീക്കം അറിഞ്ഞ റഷീദ് തന്റെ മൊബൈൽ പിടിച്ചെടുക്കും മുമ്പേ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ പോസ്റ്റുകൾ വീണ്ടെടുക്കുകയായിരുന്നു.ബനസ്വാഡി പൊലീസ് സ്റ്റേഷനിൽ, രജിസ്റ്റർ ചെയ്ത കേസ് പ്രകാരം 2019 ഫെബ്രുവരി 17 ന് അറസ്റ്റ് ചെയ്തു. അതിന് ശേഷം പരപ്പന അഗ്രഹാര ജയിലിലാണ്.

മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കുക, രാജ്യദ്രോഹം, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം എന്നിവ പ്രകാരമായിരുന്നു കുറ്റം ചുമത്തിയത്.

രാജ്യവിരുദ്ധ കുറ്റമെന്ന് ജഡ്ജി

നല്ല നടപ്പിന്റെ പേരിൽ വിദ്യാർത്ഥിയെ വിട്ടയയ്ക്കണമെന്ന വാദം ജ്ഡ്ജി തള്ളി. ' റഷീദ് നിരക്ഷരനോ സാധാരണക്കാരനോ അല്ല. കുറ്റം ചെയ്യുന്ന സമയത്ത് അയാൾ ഒരു എൻജിനീയറിങ് വിദ്യാർത്ഥി ആയിരുന്നു. ഫേസ്‌ബുക്കിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടത് മനഃപൂർവമായാണ്. ഇന്ത്യാക്കാരൻ അല്ലായെന്ന മട്ടിൽ, മഹദ്ജിവിതങ്ങളെ ഇല്ലാതാക്കിയതിൽ അയാൾ സന്തോഷിച്ചു, ആഘോഷിച്ചു. അതുകൊണ്ട് തന്നെ വിദ്യാർത്ഥി ചെയ്ത കുറ്റം ഗുരുതരവും, മഹത്തായ ഈ രാജ്യത്തിന് എതിരവുമാണ്', കോടതി പറഞ്ഞു.