ന്യൂഡൽഹി: തൊഴിലാളികൾക്ക് ശമ്പളത്തന് ആനുപാതികമായി പ്രോവിഡന്റ് ഫണ്ട് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി ഉത്തരവ്. പെൻഷൻ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേൽപരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി. അതേസമയം 60 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കാമെന്ന ഉത്തരവ് ശരിവച്ചു.

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന് കേരളഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് യു യു ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസിൽവാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് എഴുതിയ വിധിന്യായത്തിന്റെ ഓപ്പറേഷനൽ പാർട്ട് ആണ് കോടതിയിൽ വായിച്ചത്. വിശദാംശങ്ങൾ വിശദ വിധി അപ്ലോഡ് ചെയ്യുന്നതോടെയാണ് അറിയാനാവുക.

കേരളം, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതി വിധികൾക്കെതിരെ ഇ.പി.എഫ് ഓർഗനൈസേഷൻ നൽകിയ അപ്പീലിലാണ് വിശദവാദം കേൾക്കലിനുശേഷം വിധി പറഞ്ഞത്. 2018ലാണ് ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകാമെന്ന കേരള ഹൈക്കോടതി വിധിയുണ്ടാകുന്നത്. പെൻഷൻ പദ്ധതിയിൽ ചേരാനുള്ള കട്ട് ഓഫ് തീയതിയും പാടില്ലെന്ന് കോടതി വിധിച്ചു. 2019 ഇ.പി.എഫ്.ഒ കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ പ്രത്യേക ഹരജി സുപ്രീം കോടതി തള്ളി. എന്നാൽ, പിന്നീട് ഇ.പി.എഫ്.ഒയും കേന്ദ്രവും പുനഃപരിശോധന ആവശ്യപ്പെട്ടതനുസരിച്ച് കോടതി വീണ്ടും വിഷയം പരിഗണിക്കുകയായിരുന്നു.