- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ശൈലജ ആരോഗ്യ മന്ത്രി ആയിരുന്ന കാലത്ത് പരിശോധന പോലും നടത്താതെ സ്വകാര്യ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ചെർപ്പുളശേരി റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് സർട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ എന്ന് സുപ്രീം കോടതി; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി
ന്യൂഡൽഹി: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ(കെ.എം.എസ്.സി.എൽ) അഴിമതിക്കേസിൽ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ മന്ത്രി കെ.കെ ശൈലജയ്ക്ക് തിരിച്ചടിയായി എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് വിവാദവും. ശൈലജ ടീച്ചർ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ പരിശോധന പോലും നടത്താതെ സ്വകാര്യ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിൽ സുപ്രീം കോടതി വിശദീകരണം തേടി.
പാലക്കാട് ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് പരിശോധനപോലും നടത്താതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനെ കുറിച്ചാണ് വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം സത്യവാങ്മൂലമായി നൽകാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചു.
വാളയാറിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് വി. എൻ. പബ്ലിക് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. പുതിയ കോളേജുകൾക്ക് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണ് തങ്ങൾക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്ന് വി.എൻ. പബ്ലിക് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.എന്നാൽ, ഈ കാലയളവിൽ പരിശോധന പോലും നടത്താതെ ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും സുപ്രീം കോടതിക്കു കൈമാറി.
ഇത് എങ്ങനെ സംഭവിച്ചെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് സംസ്ഥാന സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. തുടർന്നാണ് വിശദീകരണം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലമായി ഫയൽ ചെയ്യാൻ സുപ്രീം കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്. ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കോളേജ് പൂട്ടിച്ചിരുന്നു. തുടർന്ന് ഈ കോളേജിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
പി പി ഇ കിറ്റ് വിവാദം
കോവിഡിന്റെ ഒന്നാംഘട്ടത്തിൽ പി.പി.ഇ കിറ്റ് അടക്കം വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന പരാതിയിലാണ് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലയ്ക്കെതിരെ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 450 രൂപയുള്ള പി.പി.ഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയതടക്കമുള്ള പരാതിയിലാണ് നടപടി. അഴിമതി നടന്നെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോ്ൺഗ്രസ് നേതാവ് വീണ എസ്. നായർ ലോകായുക്തയെ സമീപിക്കുകയായിരുന്നു.
കോവിഡിന്റെ തുടക്കത്തിൽ വിപണിവിലയുടെ മൂന്നിരട്ടി വിലയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്നടക്കം പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. 446 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽനിന്ന് പർച്ചേസ് നടത്തിയതിന്റെ പിറ്റേ ദിവസമാണ് സാൻഫാർമയെന്ന സ്ഥാപനത്തിൽനിന്ന് 1,550 രൂപയ്ക്ക് കിറ്റുകൾ വാങ്ങിയത്. മുഖ്യമന്ത്രിക്കു പുറമെ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെയും അറിവോടെയും അനുമതിയോടെയുമായിരുന്നു ഇതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.