കൊച്ചി: കണക്കുകൾ പരിശോധിച്ചാൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം ഒരുപക്ഷേ കേരളമാകും. ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ ഇതിൽ എത്രയെണ്ണം സത്യസന്ധമാണ് എന്ന കാര്യം പരിശോധിക്കുമ്പോൾ തെളിയുന്ന വസ്തുതകൾ തിരിച്ചാകും. പരസ്പ്പരം പ്രണയത്തിലായിരുന്നവർ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പിന്നീട് പിരിയുമ്പോൾ പീഡന പരാതി നൽകുന്നത് പതിവ് പരിപാടി ആയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഒരു വിധി ശ്രദ്ധേയമാകുന്നത്. വ്യാജ പീഡന പരാതി ഉന്നയിക്കുന്നവർക്ക് മുന്നറിയിപ്പാണ് കോടതിയുടെ വിധി.

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ചുള്ള കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി വിധിച്ചു. പരാതിക്കാരി വിവാഹിതയാണെങ്കിൽ നിയമപരമായി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്ക്ക് വ്യാജ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ല. ഇത്തരം സാഹചര്യത്തിൽ വ്യാജ വിവാഹ വാഗ്ദാനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും കോടതി അടിയവരയിട്ടു പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത് കേസിൽ പ്രതിയായ കൊല്ലം സ്വദേശി ടിനോ തങ്കച്ചൻ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഓസ്‌ട്രേലിയയിൽ വച്ച് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. യുവതിയുടെ ആരോപണം മുഖവിലയ്ക്ക് എടുത്താൽ പോലും പ്രഥമവിവര മൊഴി അനുസരിച്ച് പീഡനക്കേസ് നിലനിൽക്കില്ലെന്നു പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും മൊഴിയിൽ പറയുന്നുണ്ട്.

വിവാഹം ചെയ്യാമെന്നു പറഞ്ഞതു കൊണ്ടു സമ്മതിച്ചു എന്നാണു യുവതിയുടെ പരാതി. എന്നാൽ, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസ് ആണിതെന്നു കോടതി പറഞ്ഞു. യുവതി ഭർത്താവിൽ നിന്നു പിരിഞ്ഞു താമസിക്കുകയാണെങ്കിലും വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതേ ഉള്ളൂ. നിയമപരമായി നടപ്പാക്കാനാകാത്ത വിവാഹ വാഗ്ദാനം പീഡനക്കേസിലെ പ്രോസിക്യൂഷൻ നടപടികൾക്ക് ആധാരമാക്കാൻ കഴിയില്ലെന്നു വിലയിരുത്തിയ കോടതി കേസ് റദ്ദാക്കി.