- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധിത മതപരിവർത്തനം വളരെ ഗൗരവമുള്ള വിഷയം; രാജ്യ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കും; അവസാനിപ്പിച്ചില്ലെങ്കിൽ 'വിഷമകരമായ സാഹചര്യം' ഉടലെടുക്കും; നടപടികൾ അറിയിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീം കോടതി. നിർബന്ധിത മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ 'വളരെ വിഷമകരമായ സാഹചര്യം' ഉടലെടുക്കുമെന്ന് ജസ്റ്റിസുമായാരായ എം ആർ ഷായും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇതു തടയാൻ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
നിർബന്ധിത മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഗുരുതരമായ സ്ഥിതി വിശേഷം സംജാതമാവുമെന്നാണ് ജസ്റ്റിസുമാരായ എംആർ ഷാ, ഹിമ കോലി എന്നിവർ അഭിപ്രായപ്പെട്ടത്. ഇതു തടയാൻ എന്തു ചെയ്യാനാവും എന്നു പരിശോധിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദ്ദേശിച്ചു. കേന്ദ്രം ഇതിനു മുന്നിട്ടിറങ്ങിയേ തീരൂവെന്ന് കോടതി വ്യക്തമാക്കി.
''ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്രം ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ വളരെ വിഷമകരമായ സാഹചര്യം വരും. നിങ്ങൾ എന്ത് നടപടിയാണ് നിർദ്ദേശിക്കുന്നതെന്ന് ഞങ്ങളോട് പറയൂ... നിങ്ങൾ ഇടപെടണം'' കോടതി പറഞ്ഞു.
'' ഇത് രാഷ്ട്രത്തിന്റെ സുരക്ഷയെയും മതത്തിന്റെ മനസാക്ഷിയുടേയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. അതിനാൽ നിർബന്ധിത മതപരിവർത്തനം തടയാൻ എന്ത് തുടർനടപടികൾ സ്വീകരിക്കാമെന്നത് സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കുകയും സത്യവാങ്മൂലം ഫയൽ ചെയ്യുന്നതുമാണ് നല്ലത്'' കോടതി വ്യക്തമാക്കി.
''ഭീഷണിപ്പെടുത്തിയും വഞ്ചനയിലൂടെയും പാരിതോഷികങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നൽകിയുള്ള വ്യാജമതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഫലം നൽകിയുമുള്ള മതപരിവർത്തനം തടയണമെന്നാണ് ഹർജി.
രാജ്യ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും സംബന്ധിക്കുന്ന വിഷയമാണ് നിർബന്ധിത മതപരിവർത്തനമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതിൽ കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കണം. നിർബന്ധിത മത പരിവർത്തനം തടയാൻ എന്തു നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വിശദമായ സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്ന് കോടതി പറഞ്ഞു.