കൊച്ചി: സിവിക് ചന്ദ്രനെതിരായ പീഡന കേസിൽ വിധി പറഞ്ഞ കോഴിക്കോട് സെഷൻസ് ജഡ്ജിനെ ഹൈക്കോടതി ഇടപെട്ട സ്ഥലം മാറ്റിയിരുന്നു. ഈ നടപടിയിൽ ഹൈക്കോടതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കയാണ് മുൻ കോഴിക്കോട് സെഷൻ ജഡ്ജ് എസ് കൃഷ്ണകുമാർ. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

തന്നെ സ്ഥലം മാറ്റിയ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കൃഷ്ണകുമാർ വ്യക്തമാക്കി. അടുത്ത വർഷം മെയ് 31 വരെ കോഴിക്കോട് സെഷൻ ജഡ്ജായി തുടരാൻ അർഹതയുണ്ടെന്നും അദ്ദേഹം ഹർജിയിൽ അഭ്യർത്ഥിച്ചു. പ്രത്യേക സാഹചര്യത്തിലോ, ഭരണപരമായ താൽപര്യത്തോടെയോ അല്ലാതെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് മാറ്റാൻ സാധിക്കില്ല. തെറ്റായ ഉത്തരവിന്റെ പേരിൽ ഇത്തരത്തിൽ നടപടിയെടുക്കാൻ പാടില്ലെന്നും ഹർജിയിൽ കൃഷ്ണകുമാർ അവകാശപ്പെടുന്നു.

ലേബർ കോടതിയുടെ പ്രിസൈഡിങ് ഓഫീസർ തസ്തിക എന്നത് ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ ഉദ്യോഗസ്ഥന്റെ മുൻകൂർ അനുവാദം വാങ്ങണമെന്നും കൃഷ്ണകുമാർ പറഞ്ഞു. നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ജഡ്ജിയുടെ മനോവീര്യത്തെ കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് 27 വർഷത്തെ സർവീസുണ്ടെന്നും വിരമിക്കുന്നതിന് മുമ്പ് വന്ന ഈ സ്ഥലം മാറ്റം കൃത്യ നിർവഹണത്തിൽ താൻ സ്വീകരിച്ച ത്യാഗതത്തെയും സമർപ്പണത്തെയും സൂചിപ്പിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. അതേസമയം, സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചു.മഞ്ചേരി ജില്ലാ ജഡ്ജിയായ എസ് മുരളീധരൻ ആണ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്ജി.

എറണാകുളം അഡീഷണൽ ജഡ്ജി ആയിരുന്ന സി പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ ആയിരുന്ന ഡോ. സി എസ് മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ ആയും നിയമിച്ചു. എഴുത്തുകാരൻ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസിൽ പ്രതിക്ക് ജാമ്യം നൽകിയ വിധിയിൽ വിചിത്ര പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമർശമുള്ളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. ജാമ്യാപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ഫോട്ടോകളിൽ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമർത്താൻ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.

2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടൽ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോൾ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ഏപ്രിലിൽ പുസ്തകപ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയിൽ ഒത്തുകൂടിയപ്പോൾ ലൈംഗികമായി അതിക്രമിച്ചെന്ന് കാണിച്ച് മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രന് എതിരെ പരാതി നൽകിയിരുന്നു. അതേസമയം ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതിജീവിതയുടെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവിട്ടത്.