- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോധ്ര ട്രെയിൻ തീവെപ്പ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചത് 17 വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ; നാല് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചു കോടതി
ന്യൂഡൽഹി: 2002-ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടു പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ശിക്ഷക്കെതിരെ ഇവർ നൽകിയ ഹർജി 2018 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
17 മുതൽ 18 വരെ വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ വിചാരണക്കോടതി നിശ്ചയിക്കും. എട്ടുപേർക്ക് ജാമ്യം അനുവദിക്കുന്നതിനെ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തില്ല. എന്നാൽ, നാലു പേർക്ക് ജാമ്യം അനുവദിക്കുന്നതിനെ തുഷാർ മേത്ത ശക്തമായി എതിർത്തു.
കുറ്റകൃത്യത്തിലെ ഈ നാല് പേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 2002ൽ നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രതികളായ 31 പേരുടെ ജാമ്യഹരജികളാണ് ഇന്ന് കോടതിക്കുമുന്നിലെത്തിയത്. ഇതിൽ 20 പേർക്ക് ഗുജറാത്തിലെ വിചാരണാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിചാരണാ കോടതിയുടെ വിധിയെ ഗുജറാത്ത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
ഗോധ്ര ട്രെയിൻ കത്തിക്കലിനു പിന്നാലെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ മുഴുവൻ പ്രതികളെയും ഇന്നലെയാണ് ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടത്. മുൻ ബിജെപി മന്ത്രി മായാ കോട്നാനി ഉൾപ്പെടെ 67 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുൻ വി.എച്ച്.പി നേതാവ് ജയദീപ് പട്ടേൽ, മുൻ ബജ്രങ്ദൾ നേതാവ് ബാബു ബജ്രങ്കി എന്നിവരും അഹ്മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ട കൂട്ടത്തിലുണ്ട്.
പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്ഐ.ടി) കേസുകൾ അന്വേഷിക്കുന്ന സ്പെഷൽ ജഡ്ജി എസ്.കെ ബക്ഷിയാണ് കേസ് പരിഗണിച്ചത്. നരോദ ഗാം കലാപകേസിൽ ആകെ 86 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 18 പേർ വിചാരണ കാലയളവിൽ മരിച്ചു. ഒരാളെ നേരത്തെ കോടതി വെറുതെവിടുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ